Connect with us

Kerala

താന്‍ ഒളിവിലല്ല; അന്വേഷണ സംഘം മുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്നു: ജാസ്മിന്‍ ഷാ

Published

|

Last Updated


തിരുവനന്തപുരം:
താന്‍ ഒളിവിലാണെന്ന ക്രൈം ബ്രാഞ്ച് വാദത്തെ നിഷേധിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു എന്‍ എ) ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ. സാമ്പത്തിക തിരിമറി കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പടെയുളള പ്രതികള്‍ക്കായി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജാസ്മിന്‍ ഷായുടെ പ്രതികരണം.

ഖത്തറിലുണ്ടെന്നും കേരളത്തിലേക്കു വരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോടതി അവധിയായതിനാലാണ് യാത്ര മാറ്റിവച്ചതെന്നും ഷാ പറഞ്ഞു. അന്വേഷണ സംഘം മുമ്പാകെ ഹാജരാകാന്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് യു എന്‍ എയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നല്‍കിയ ഓഡിയോ സന്ദേശത്തിലും ജാസ്മിന്‍ ഷാ വ്യക്തമാക്കി. കേസ് രാഷ്ട്രീയപ്രേരിതമാണ്. അന്വേഷണ സംഘം മുതലാളിമാര്‍ക്കും ചില രാഷ്ട്രീയക്കാര്‍ക്കുമായി വിടുപണി ചെയ്യുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ. രാജേഷ് മനപ്പൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്നു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഷാ ആരോപിച്ചു.

ജാസ്മിന്‍ ഷാ ഉള്‍പ്പടെയുള്ള പ്രതികള്‍ പേര് മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്നും വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു.