Connect with us

National

ട്രാഫിക് നിയമലംഘനം: ഡല്‍ഹിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പോലീസ് പിഴയിട്ടത് 23,000 രൂപ

Published

|

Last Updated

ഡല്‍ഹി: ട്രാഫിക് നിയമം ലംഘിച്ചതിന് പോലീസ് നല്‍കിയ പിഴ തുക കണ്ട് അന്തം വിട്ടിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍. ആയിരമോ പതിനായിരമോ അല്ല 23,000 രൂപയാണ് ഡല്‍ഹി സ്വദേശിയായ ദിനേശ് മദാന് പിഴയായി പോലീസ് ചുമത്തിത്. റോഡ് നിയമം കൃത്യമായി പാലിക്കാത്തതിന് ഗുരുഗ്രാം പോലീസാണ് ഇത്ര വലിയ തുക പിഴ ചുമത്തിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം കുത്തനെ ഉയര്‍ത്തിയ പുതിയ പിഴ പ്രകാരമാണ് പോലീസ് 23,000 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്.

ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിനും ഡ്രൈവിങ് ലൈസന്‍സ്, ആര്‍ സി, ഇന്‍ഷ്വറന്‍സ്, എയര്‍ പൊലൂഷന്‍ സട്ടിഫിക്കറ്റ് എന്നീ രേഖകളൊന്നും ഉടമയുടെ കൈവശമുണ്ടായിരുന്നില്ല. വിവിധ വകുപ്പുകളിലായി പുതുക്കിയ പിഴ നിരക്ക് പ്രകാരം ഈ കുറ്റങ്ങളെല്ലാം ചേര്‍ത്താണ് 23000 രൂപ പിഴ ചലാന്‍ പോലീസ് ദിനേശ് മദാന് നല്‍കിയത്.

അതേസമയം വാഹനത്തിന്റെ എല്ലാ രേഖകളും വീട്ടിലുണ്ടെന്നും എന്നാല്‍ പരിശോധനയ്ക്കിടെ ഇവയെല്ലാം 10 മിനിറ്റിനുള്ളില്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടെന്നുമാണ് ദിനേശ് മദാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. 20,000 രൂപക്ക് താഴെ മാത്രം മൂല്യമുള്ള തന്റെ വാഹനത്തിനാണ് പോലീസ് ഇത്ര ഭീമമായ പിഴയിട്ടതെന്നും വാഹനത്തിന്റെ താക്കോല്‍ നല്‍കാത്തതിനുള്ള പോലീസിന്റെ പ്രതികാര നടപടിയാണിതെന്നുമാണ് ദിനേശ് മദാന്‍ പറയുന്നത്.