ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസ് ഡയറി സമര്‍പ്പിക്കും

Posted on: August 30, 2019 11:55 pm | Last updated: August 31, 2019 at 10:25 am

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഫോറന്‍സിക് പരിശോധനയടക്കമുള്ള റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസ് ഡയറി സമര്‍പ്പിക്കും. അപകടത്തില്‍പ്പെട്ട കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്, ഫോറന്‍സിക് സയന്‍സ് ലാബ്, ഫോക്‌സ്‌വാഗണ്‍ കമ്പനി എന്നിവയുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉടന്‍ ലഭ്യമാക്കാന്‍ നാര്‍കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തു വന്നാല്‍ അപകടത്തിന്റെ വിശദ വിവരങ്ങളും അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ആരാണെന്നുമുള്ള വിവരങ്ങളും തെളിയും. ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാലുടന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനിടെ ഇന്നലെ രണ്ട് പേരുടെ കൂടി രഹസ്യമൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. പോലീസിന് മുന്നില്‍ നേരത്തേ മൊഴി രേഖപ്പെടുത്തിയിരുന്ന സാക്ഷികള്‍ക്ക് പുറമേ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ രാഹുല്‍ എന്ന ദൃക്‌സാക്ഷിയുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. മറ്റൊരാളുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.

അപകടമുണ്ടായ കാറിന്റെ ഉടമയും ശ്രീറാമിന്റെ സഹയാത്രികയുമായിരുന്ന വഫാ ഫിറോസിന്റെയും മറ്റ് രണ്ട് സാക്ഷികളുടെയും രഹസ്യമൊഴി നേരത്തേ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. കേസിലെ ദൃക്‌സാക്ഷികളും അപകടം നടന്നയുടന്‍ എത്തിയവരും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും ഓടിച്ചത് ശ്രീറാമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. വഫാ ഫിറോസും സമാന മൊഴിയാണ് നല്‍കിയത്. അവര്‍ മൊഴി മാറ്റാതിരിക്കാനാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

കേസിലെ കൂട്ടുപ്രതിയായ വഫാ ഫിറോസ് ആദ്യം നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായി മാധ്യമങ്ങളോട് പ്രതികരിച്ചതോടെയാണ് പോലീസ് മറ്റ് സാക്ഷികളുടെ കൂടി രഹസ്യമൊഴി ശേഖരിക്കാന്‍ തീരുമാനിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിച്ച ഫോക്‌സ്‌വാഗണ്‍ കമ്പനിയില്‍ നിന്നുള്ള വിദഗ്ധരുടെ പരിശോധനാ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ കുറ്റപത്രം വൈകാതെ തന്നെ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയും.

ഈ മാസം മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാം ഓടിച്ചിരുന്ന കാര്‍ ശ്രീറാമിന്റെ സുഹൃത്ത് വഫാ ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ്. ശ്രീറാം വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് കാറുമായി കവടിയാറിലുള്ള പാര്‍ക്കിന്റെ ഭാഗത്തെത്തിയെന്നാണ് വഫയുടെ മൊഴി. അപകടം നടന്ന സമയത്ത് ശ്രീറാമാണ് വാഹനമോടിച്ചിരുന്നത്.
ആദ്യം വഫയാണ് വാഹനമോടിച്ചതെങ്കിലും ഇടക്ക് വെച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് ശ്രീറാം മാറുകയായിരുന്നു. മ്യൂസിയം ഭാഗത്ത് വച്ച് ബഷീറിന്റെ ബൈക്കില്‍ വാഹനമിടിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും വഫയുടെ മൊഴിയിലുണ്ട്.