Kerala
കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വകുപ്പുതല നടപടി തുടങ്ങി

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരായ വകുപ്പു തല നടപടികള്‍ തുടങ്ങി. 15 ദിവസത്തിനകം ഇതു സംബന്ധിച്ച വിശദീകരണം നല്‍കണണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ശ്രീറാം വെങ്കിട്ടരാമനെ അറിയിച്ചു. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ് ശ്രീറാം വെങ്കിട്ടരാമന്‍.
അപകടത്തിന്റെ തുടക്കത്തില്‍ തന്നെ പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ മ്യൂസിയം ക്രൈം എസ് ഐ. ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പോലീസുമായി ഒത്തുകളിച്ചാണ് ചട്ടപ്രകാരമുള്ള രക്തപരിശോധന പോലും നടത്താതെ ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ കിംസ് ആശുപത്രിയിലേക്ക് പോയത്.
അപകടം ഉണ്ടാക്കിയ കാര്‍ ആരാണ് ഓടിച്ചിരുന്നതെന്ന് രേഖപ്പെടുത്താതെയാണ് മ്യൂസിയം പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ അപകടം ഉണ്ടാക്കിയ കാറിലുണ്ടായവരെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അവരുടെ പേരു വിവരങ്ങളും എസ് ഐ. ജയപ്രകാശ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ നിയമപ്രകാരമുളള നടപടികളില്‍ നിന്ന് രക്ഷപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയില്‍ പ്രവേശിച്ചതും പിന്നീട് ഗുരുതര രോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജയിലില്‍ പോകാതെ ജാമ്യം നേടി പുറത്തു പോയതും.
പോലീസിന്റെ വീഴ്ചയെ സാധൂകരിക്കുന്ന വിധത്തില്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടും വിവാദമായിരുന്നു. ഇത്തരത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പു തല നടപടികള്‍ക്ക് തുടക്കമിട്ട് വിശദീകരണം ചോദിക്കാന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചത്.