National
പോത്തിനെ മോഷ്ടിച്ചെന്ന് പരാതി: അസം ഖാനെതിരെ കേസ്

രാംപൂര്‍: പോത്തിനെ മോഷ്ടിച്ചതായ പരാതിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ്. ഇതുമായി ബന്ധപ്പെട്ട് അസംഖാന്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ശ്രമിച്ചിരുന്നു. ഇത് തള്ളിയതിന് ശേഷമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അസംഖാനെ കൂടാതെ മുന്‍ സര്‍ക്കിള്‍ ഓഫീസര്‍ അലേ ഹസനും പ്രതിപ്പട്ടികയിലുണ്ട്.
2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഘോസിയാന്‍ യത്തീംഖാനക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന ആസിഫ്, സക്കീര്‍ അലി എന്നിവരുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും ഇവരുടെ പോത്തിനെ കടത്തികൊണ്ടുപോകുകയും ചെയ്തതായാണ് പരാതി.
പരാതിക്കാരന്‍ താമസിച്ചിരുന്ന സ്ഥലം സ്‌കൂള്‍ നിര്‍മാണത്തിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട് ഒഴിയണമെന്ന് അസംഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മോഷണം നടന്നതെന്നാണ് പരാതിയിലുള്ളത്.
വിദ്വേഷ പ്രസംഗം, ഭൂമി തട്ടിപ്പ് അടക്കം അമ്പതോളം കേസുകള്‍ അസംഖാനെതിരെ ഇപ്പോല്‍ നിലവിലുണ്ട്. ഇതില്‍ 29 കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.