International
കശ്മീരില്‍ സാധാരണ ജനങ്ങള്‍ സൈന്യത്തിന്റെ കൊടും പീഡനത്തിന് ഇരയാകുന്നതായി ബി ബി സി

ശ്രീനഗര്‍: ആര്‍ട്ടിക്കില്‍ 370 റദ്ദ് ചെയ്യുകയും രണ്ടായി വിഭജിക്കുകയും ചെയ്ത ശേഷമുള്ള കശ്മീരിലെ സാധാരണ ജനങ്ങളുടെ അവസ്ഥ ഏറെ വേദനാജനകമെന്ന് ബി ബി സി റിപ്പോര്‍ട്ട്. സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള താഴ്വരയില്‍ പൊതുജനം വലിയ പീഡനത്തിന് ഇരയാകുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോളമാണ് മര്‍ദിനത്തിന് ഇരയായ സിവിലിയന്‍മാരുടെ പ്രതികരണം അടക്കം ബി ബി സിയുടെ പുതിയ വാര്‍ത്ത.
വടികളും കേബിളുകളും ഉപയോഗിച്ച് സൈന്യം പൊതുജനത്തെ മര്‍ദിക്കുന്നു. ഇലക്ട്രിക് ഷോക്കുകള്‍ ഏല്‍പ്പിക്കുന്നു. വീടുകളില്‍ കയറി രാത്രിയും പകലും വിത്യാസമില്ലാതെ യുവാക്കളെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നു. കുറ്റമെന്തന്ന് പോലും പറയാതെ ക്രൂരമായ മര്‍ദനം അരങ്ങേറുന്നതായാണ് ബി ബി സി റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ ജനങ്ങളുടെ പരുക്കുകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഡോക്ടര്‍മാരോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. ഭയത്താല്‍ പരുക്കേറ്റവര്‍ പോലും കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പോെടുത്തുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രത്യേക പദവി എടുത്തുമാറ്റിയ തീരുമാനം ഇന്ത്യ പ്രഖ്യാപിച്ച് മണിക്കൂറിനുള്ളില്‍ തന്നെ സൈന്യം വീടുകള്‍ തോറും കയറി പരിശോധന നടത്തിയെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന തങ്ങളെ എഴുന്നേല്‍പ്പിച്ച് പുറത്ത് ഗ്രാമത്തില്‍ നിന്നുള്ള ഒരു ഡസനോളം പേര്‍ കൂടിനിന്ന സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് രണ്ട് സഹോദരങ്ങള്‍ ആരോപിക്കുന്നു. അവര്‍ ഞങ്ങളെ മര്‍ദിച്ചപ്പോള്‍ എന്താണ് കുറ്റം എന്ന് ചോദിച്ചു. ഒരു മറപടിയും നല്‍കിയില്ല. എന്നാല്‍ മര്‍ദനം തുടര്‍ന്നുകൊണ്ടേയിരുന്നു. എന്റെ ശരീരത്തിലെ എല്ലാഭാഗത്തും അടിച്ചു, അവര്‍ ഞങ്ങളെ ചവിട്ടി, വടികൊണ്ട് അടിച്ചു, ഇലക്ട്രിക് ഷോക്ക് തന്നു. കേബിളുകള്‍ കൊണ്ട് അടിച്ചു. കാലിന്റെ പിറകില്‍ അടിച്ചു. ഞങ്ങള്‍ ക്ഷീണിച്ച് വീണപ്പോള്‍ അവര്‍ വടികൊണ്ട് അടിച്ചപ്പോള്‍ ഞങ്ങള്‍ കരഞ്ഞര്‍ എഴുന്നേല്‍പ്പിക്കാന്‍ ഇലക്ട്രിക് ഷോക്ക് തന്നു. വേദനകൊണ്ട് കരയുമ്പോള്‍ ചളികൊണ്ട് ഞങ്ങളുടെ വായ പൊത്തി- സഹോദരങ്ങളില്‍ ഒരാള്‍ പ്രതികരിച്ചു. മര്‍ദനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വെടിച്ച് കൊന്നോളാന്‍ ആവശ്യെേപ്പട്ടതായും ഇയാള്‍ പറഞ്ഞതായി ബി ബി സി റിപ്പോര്‍ട്ടിലുണ്ട്.
കല്ലേറുകാരുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ സേന നടത്തിയ മര്‍ദനത്തെ പറ്റി മറ്റൊരു കശ്മീരിയും പ്രതികരിച്ചു. സൈനികര്‍ ആവശ്യപ്പെട്ട കല്ലെറിയുന്നവരുടെ പേരുകള്‍ എനിക്ക് അറിയില്ലായിരുന്നു. താന്‍ ഇത് പറഞ്ഞപ്പോള്‍ അവര്‍ അവന്റെ വസ്ത്രവും ഷൂസും, ഗ്ലാസുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. താന്‍ ഇത് അനുസരിച്ചു. അവര്‍ എന്നെ വടിയും മറ്റും ഉപയോഗിച്ച് നിര്‍ദാക്ഷിണ്യം അടിച്ചു. രണ്ടു മണിക്കൂറോളം ഇത് തുടര്‍ന്നു. ഞാന്‍ ബോധരഹിതനായപ്പോഴെല്ലാം അവര്‍ എന്നെ എഴുന്നേല്‍പ്പിക്കാന്‍ ഷോക്കുകള്‍ തന്നുകൊണ്ടേയിരുന്നു. അവര്‍ വീണ്ടും എന്നോട് ഇത് ചെയ്യുകയാണെങ്കില്‍ ഞാന്‍ എന്തെങ്കിലും ചെയ്യും. ഞാന്‍ തോക്കെടുക്കും. എല്ലാദിവസവും ഇത് സഹിക്കാനാവില്ല- യുവാവ് പറയുന്നു.
എന്നാല്‍ മര്‍ദനം സംബന്ധിച്ച് ഒരു പരാതിയും ഞങ്ങളുടെ പോലീസിന് മുമ്പില്‍ എത്തിയിട്ടില്ലെന്നാണ് സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് ബി ബി സിയോട് പ്രതികരിച്ചത്. ശത്രുതാപരമായ നിലപാട് കൊണ്ടാകം ചിലര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.