ട്രാഫിക് അപകട മരണം; യു എ ഇ യില്‍ 34 ശതമാനത്തിന്റെ കുറവ്

Posted on: August 28, 2019 12:26 pm | Last updated: August 28, 2019 at 12:26 pm

അബുദാബി : കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ യു എ ഇ യില്‍ ട്രാഫിക് അപകട മരണ നിരക്ക് ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. പുതിയ കണക്ക് പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 34 ശതമാനത്തിന്റെ കുറവാണുണ്ടായത്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2014 ല്‍ 712 പേര് വാഹന അപകടത്തില്‍ മരിച്ചപ്പോള്‍ 2018 ല്‍ 468 ആയി കുറഞ്ഞു. രാജ്യത്തെ റോഡുകളിലെ വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടും ഗുരുതരമായവാഹന അപകടങ്ങളുടെ എണ്ണം 24.1 ശതമാനം കുറഞ്ഞു.

2014 ലെ 4,895 വാഹന അപകടങ്ങള്‍ നടന്നപ്പോള്‍ 2018 ല്‍ 3,712 ആയി കുറഞ്ഞു, സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021 ഓടെ മരണനിരക്ക് ഒരു ലക്ഷത്തിന് മൂന്നായി കുറക്കാന്‍ ലക്ഷ്യമിടുന്ന ദേശീയ സൂചിക പാലിക്കുന്നതില്‍ യു എ ഇ വലിയ മുന്നേറ്റമാണ് നടത്തുന്നത്. മരണത്തിനിടയാക്കുന്ന അപകടങ്ങളുടെ എണ്ണം കുറച്ചു കൊണ്ട് യുഎഇ ആഗോള ട്രാഫിക് സുരക്ഷയുടെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രണം, അവബോധം വളര്‍ത്തല്‍, എഞ്ചിനീയറിംഗ് നടപടിക്രമങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍, ആംബുലന്‍സുകള്‍, അതുപോലെ തന്നെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ട്രാഫിക് സുരക്ഷാ വിദ്യാഭ്യാസം നല്‍കല്‍ തുടങ്ങിയവയിലൂടെ ട്രാഫിക് നിയമങ്ങളും സുരക്ഷയും വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി യുഎഇ പ്രവര്‍ത്തിക്കുന്നു ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

യുഎഇയിലെ റോഡ് മേഖല നിരന്തരമായ വികസനത്തിലാണ്, ഇത് ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി, അതിന്റെ ഫലമായി, 2014 മുതല്‍ 2018 വരെ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തേക്ക് റോഡ് ഗുണനിലവാരത്തില്‍ യുഎഇ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയെന്ന് ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഗ്ലോബല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റോഡപകടങ്ങളുടെ തോത് കുറക്കുന്നതില്‍ യുഎഇയിലെ നിയമങ്ങളും ട്രാഫിക് നിയന്ത്രണങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു, അവ നടപ്പാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടാതെ ഫെഡറല്‍ തലത്തിലുള്ള ആഭ്യന്തര മന്ത്രാലയം മുതല്‍ പ്രാദേശിക റോഡുകളും ഗതാഗത അതോറിറ്റിവരെ പോലീസുമായി സഹകരിക്കുന്നു. അതില്‍ വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ട്രാഫിക് ചിഹ്നങ്ങള്‍ പാലിക്കുന്നതില്‍ പരാജയം തുടങ്ങിയ ഫെഡറല്‍ ട്രാഫിക് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വലിയ പിഴയാണ് യു എ ഇ യില്‍ ഈടാക്കുന്നത്. ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ബുദ്ധിപരമായ സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ.