വൈദ്യുതി ചാര്‍ജിനു പിന്നാലെ വെള്ളക്കരത്തിലും ഇളവ് പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

Posted on: August 27, 2019 3:31 pm | Last updated: August 27, 2019 at 8:10 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ആസന്നമായതോടെ വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. വൈദ്യുതി ചാര്‍ജില്‍ ഇളവു വരുത്തിയ നടപടിക്കു പിന്നാലെ ഡല്‍ഹി ജല്‍ ബോര്‍ഡിലെ ഉപഭോക്താക്കളുടെ ബില്‍ കുടിശ്ശിക ഒഴിവാക്കി കൊണ്ടുള്ള പ്രഖ്യാപനവും മുഖ്യമന്ത്രി കെജ്‌രിവാള്‍ നടത്തി. നവംബര്‍ 30ന് മുമ്പ് വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ചവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ദേശീയ തലസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ശുദ്ധജലമെത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ജല്‍ ബോര്‍ഡ്. വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കാത്തവരെ അതിന് പ്രചോദിപ്പിക്കുകുയം ജനങ്ങളെ മുഖ്യധാരയിലെത്തിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

മാസം തോറും 200 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കി ആഗസ്റ്റ് ഒന്നിന് കെജ്‌രിവാള്‍ പ്രഖ്യാപനം നടത്തിയിരുന്നു. 201 മുതല്‍ 400 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ തുകയില്‍ 50 ശതമാനം ഇളവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.