Connect with us

Malappuram

കവളപ്പാറയിൽ തിരച്ചിൽ ഇന്നു കൂടി

Published

|

Last Updated

എടക്കര: കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് കൂടി തുടരും.
കാണാതായ 11 പേർക്കായി ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. തിരച്ചിൽ ഇന്നുകൂടി തുടരും. ഇന്നലെ പോത്തുകല്ല് പഞ്ചായത്ത് ഓഫീസിൽ ജില്ലാ കലക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും മരിച്ചവരുടെ ബന്ധുക്കളുടെയും സംയുക്ത യോഗം ചേർന്നിരുന്നു. ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിരച്ചിൽ തുടരുന്നത്.
കാലാവസ്ഥ അനുകൂലമാണെങ്കിൽ രണ്ടാഴ്ച കഴിഞ്ഞ് പരിശോധന തുടരാനും കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും കലക്ടർ പറഞ്ഞു. റവന്യൂ അധികൃതർക്ക് പുറമേ കാണാതായവരുടെ ബന്ധുക്കൾ കൂടി പങ്കെടുത്ത യോഗത്തിലാണ് കവളപ്പാറ പ്രദേശത്ത് തിരച്ചിൽ തുടരാൻ തീരുമാനമായത്.

കാണാതായ 11 പേരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിനും മരിച്ചവരുടെയും കാണാതായവരുടെയും സ്വത്ത് കൈമാറ്റത്തിന് ഉൾപ്പെടെയുള്ള രജിസ്‌ട്രേഷൻ നടപടികൾക്കായി സർക്കാർ പ്രത്യേക ഉത്തരവിറക്കുന്നതിനായി എത്രയും വേഗം റിപ്പോർട്ട് ചെയ്യും. കാണാതായവരെ മരിച്ചതായി കണക്കാക്കി ധനസഹായം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് മറ്റ് തടസ്സങ്ങളുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു.പ്രളയബാധിത പ്രദേശങ്ങളിൽ വിദഗ്ധ പരിശോധന നടത്തി വരികയാണ്.
28ന് ജിയോളജി വിഭാഗം പരിശോധന നടത്തി 30നകം റിപ്പാർട്ട് വില്ലേജ്, പഞ്ചായത്ത് അധികൃതർക്ക് നൽകിയതിന് ശേഷമേ ഈ സ്ഥലങ്ങളിൽ താമസിക്കാൻ അനുമതി നൽകൂ.
ഉരുൾപൊട്ടലിൽ കാണാതായ 59 പേരിൽ 48 പേരുടെ മൃതദേഹം ഇതിനകം തന്നെ കവളപ്പാറയിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇനി 11 പേരെയാണ് കവളപ്പാറയിൽ കണ്ടെത്താനുള്ളത്.

ക്യാമ്പിൽ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കാൻ വാടക വീടുകൾ കണ്ടെത്തുമെന്ന് പി വി അൻവർ എം എൽ എ പറഞ്ഞു. പ്രളയ ദുരിത ബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിൽ ചർച്ച ചെയ്തു.

പുത്തുമലയിൽ ഇന്നലെയും വിഫലം; കണ്ടെത്താൻ അഞ്ച് പേർ

കൽപ്പറ്റ: പുത്തുമല ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുളള തിരച്ചിൽ പ്രാദേശികമായി തുടരും. മകൻ ശഫീർ മൗലവിയുടെ ആവശ്യപ്രകാരം പിതാവായ മൂത്രത്തൊടി ഹംസക്കു വേണ്ടി ഇന്നലെ നടത്തിയ തിരച്ചിൽ വിഫലമായിരുന്നു. വീടും മസ്ജിദിനോട് ചേർന്ന ഭാഗങ്ങളിലുമായിരുന്നു തിരച്ചിൽ.
ഫയർഫോഴ്‌സ്, പോലീസ്, ഫോറസ്റ്റ്, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടത്തിയത്. ഇതോടെ ഹംസയുടെ ഭാര്യ കുത്സുവും മറ്റുമക്കളായ സമീറ, ഷറഫുന്നിസ, ഷറീനയും ബന്ധുക്കളും പ്രാർഥനയോടെ കാത്തിരിക്കുകയാണ്. പിതാവിനെ ഒരു നോക്ക് കാണാൻ ഭാഗ്യം ലഭിക്കണേയെന്ന പ്രാർഥനയിലാണ് ഈ കുടുംബം. ഉരുൾപൊട്ടലിൽ കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെയാണ്. അവസാനം കണ്ടെത്തിയ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രാസപരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും.

Latest