ആരോപണത്തില്‍ കോടിയേരി ആത്മപരിശോധന നടത്തണം; പെരുമാറ്റച്ചട്ട ലംഘനം അനുവദിക്കില്ല: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Posted on: August 26, 2019 12:45 pm | Last updated: August 26, 2019 at 7:24 pm

തിവനന്തപുരം: പാലായില്‍ മാത്രമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ ഒരു ഗൂഢാലോചനയുമില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ . തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ആറ് നിയോജക മണ്ഡലങ്ങളില്‍ ഒഴിവ് വന്നിട്ടും പാലായില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശപരമാണെന്ന് ഇന്നലെ കോടിയേരി ആരോപിച്ചിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പിന് എല്ലാം സജ്ജമാണെന്ന് ടിക്കാറാം മീണ അറിയിച്ചു. ഈ മാസമുണ്ടായ പ്രളയം ചിലയിടങ്ങളില്‍ ബാധിച്ചിട്ടുണ്ട്. അക്കാര്യം പരിശോധിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതേ വോട്ടര്‍ ലിസ്റ്റായിരിക്കും ഉപതെരഞ്ഞെടുപ്പിനും ഉപയോഗിക്കുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ഏപ്രില്‍ മാസം മുതല്‍ ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമാണ് പാല. ഒരു മണ്ഡലത്തില്‍ ഒഴിവ് വന്നാല്‍ ആറ് മാസത്തിനുള്ളില്‍ അവിടെ തിരഞ്ഞെടുപ്പ് വേണമെന്നാണ് ചട്ടം. സംസ്ഥാനത്ത് നിലവില്‍ ഒഴിവുള്ള മറ്റു അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഈ പ്രശ്‌നമില്ല.അതിനാലാണ് പാലായില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും ടിക്കാറാം മീണപറഞ്ഞു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ജൂണിലാണ് പിന്‍വലിച്ചതെന്നും അതിനാല്‍ അവിടെ തിരഞ്ഞെടുപ്പ് നടത്താന്‍ നവംബര്‍ വരെ സമയമുണ്ടെന്നും ടിക്കാറാം മീണ ചൂണ്ടിക്കാട്ടി.

ആറ് ഇടങ്ങളിലും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താം എന്ന നിര്‍ദേശമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതെന്നും എന്നാല്‍ അത് നിര്‍ബന്ധമുള്ള കാര്യമല്ലെന്നും ടീക്കാറാം മീണ അറിയിച്ചു.

പെരുമാറ്റച്ചട്ടലംഘനം തെരഞ്ഞെടുപ്പ് കാലത്ത് അനുവദിക്കില്ല. മതസൗഹാര്‍ദ്ദത്തെ ബാധിക്കുന്ന ഒന്നും അനുവദിക്കില്ലെന്നും ടിക്കാറാം മീണ ചൂണ്ടിക്കാട്ടി