തന്നെ വിമര്‍ശിക്കുന്നവര്‍ കേരളത്തിലെ സാഹചര്യം മാത്രം ചിന്തിക്കുന്നവര്‍: ശശി തരൂര്‍

Posted on: August 25, 2019 6:14 pm | Last updated: August 26, 2019 at 10:03 am

തിരുവനന്തപുരം: രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം വിമര്‍ശനം തുടരുന്നതിനിടയിലും മോദിയെ പ്രശംസിച്ച മുന്‍നിലപാടില്‍ ഉറച്ച് ശശി തരൂര്‍ എം പി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

താന്‍ ബി ജെ പിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബി ജെ പിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ് അനാവശ്യ വിവാദങ്ങള്‍ക്ക് കാരണം.

കെ പി സി സി പ്രസിഡന്റിന് തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. ഇക്കാര്യത്തില്‍ താനാരോടും വിവാദത്തിനില്ല. മനു അഭിഷേക് സിംഗ്വിയും ജയറാം രമേശും താനുമടക്കം പറയുന്നത് പാര്‍ട്ടിയെ രക്ഷിക്കാനാണ്. നല്ലതിനെ അംഗീകരിക്കണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നെന്നും തരൂര്‍ പറഞ്ഞു.