കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ട; ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്

Posted on: August 23, 2019 9:35 am | Last updated: August 23, 2019 at 11:41 am

പാരീസ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണട്ട് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെത്തന്നെ പരിഹരിക്കണമെന്നും മൂന്നാമതൊരാള്‍ പ്രശ്‌നത്തില്‍ ഇടപെടരുതെന്നും ഫ്രാന്‍സ് നിലപാടെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലായിരുന്നു ഫ്രാന്‍സ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സംസാരിക്കുമെന്ന് വ്യക്തമാക്കിയ മക്രോണ്‍, പ്രശ്‌നം ഇരുകക്ഷികളും തമ്മില്‍ പരിഹരിക്കണമെന്ന നിലപാട് പാകിസ്ഥാനെ അറിയിക്കുമെന്നും പറഞ്ഞു. എന്നാല്‍, കശ്മീരിനെച്ചൊല്ലി മേഖലയില്‍ അക്രമമുണ്ടാകരുത്. ഇരുകക്ഷികളും അക്രമം തുടങ്ങി വയ്ക്കില്ലെന്ന നിലപാടെടുക്കണം. മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങള്‍ ഹനിയ്ക്കുന്ന നീക്കങ്ങള്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുകയും ചെയ്യരുത് മക്രോണ്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയില്‍, ഫ്രാന്‍സ് ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ചിരുന്നു. തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കണമെന്ന മോദിയുടെ ആവശ്യത്തെ മക്രോണ്‍ പിന്തുണക്കുകയും ചെയ്തു
വ്യാഴാഴ്ചയോടെ പാരിസിലെത്തിയ മോദിയെ വിദേശകാര്യമന്ത്രി സ്വീകരിച്ചു