ഉഭയകക്ഷി വിഷയത്തില്‍ ട്രംപിനോട് പരാതി പറഞ്ഞ മോദിയുടെ നീക്കം അത്ഭുതം: അസുദുദ്ദീന്‍ ഉവൈസി

Posted on: August 21, 2019 12:08 pm | Last updated: August 21, 2019 at 1:06 pm

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റുമായി കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം അത്ഭുതപ്പെടുത്തുന്നുവെന്ന് മജിലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. മോദിയുടെ നീക്കം അങ്ങേയറ്റം വേദനിപ്പിച്ചു. മോദിയുടെ ഈ നടപടി ട്രംപ് നേരത്തെ അവകാശപ്പെട്ട കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ്. ഇതൊരു ഉഭയകക്ഷി പ്രശ്നമാണ്, ഒരു മൂന്നാം കക്ഷിയെയും ഇതില്‍ ഇടപെടാന്‍ അനുവദിക്കില്ല- ഉവൈസി പറഞ്ഞു.

ഫോണില്‍ വിളിച്ച് മോദി ട്രംപിനോട് കശ്മീര്‍ വിഷയത്തില്‍ പരാതി പറഞ്ഞിരിക്കുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ ട്രംപ് ആരാണ്?. ഈ ലോകത്തിന്റെ പോലീസോ- കശ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണെന്ന് ഞങ്ങള്‍ എല്ലായിടത്തും പറയുന്ന കാര്യമാണ്. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടാണ് ഉള്ളത്. അപ്പോള്‍ പിന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് അതിനെക്കുറിച്ച് പരാതിപ്പെടേണ്ട ആവശ്യം മോദിക്കില്ലെന്നും ഉവൈസി പറഞ്ഞു.

മോദിയുടെ ഫോണ്‍ സംഭാഷണത്തിന് ശേഷം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട പ്രതികരണവുമായി ട്രംപ് ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. എന്റെ നല്ല സുഹൃത്തുക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സംസാരിച്ചു. വ്യാപാരം, ഉഭയകക്ഷി ബന്ധം തുടങ്ങിയവ ചര്‍ച്ചയായി. ഇതിന് പുറമേ വളരെ പ്രധാന്യമുള്ള കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്തു. ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കശ്മീര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ. സാഹചര്യം സങ്കീര്‍ണമാണ്. ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.