പ്രളയം: ഇത്തവണ സാലറി ചലഞ്ച് ഇല്ല; 100,00 ഓണത്തിന് മുമ്പ് നല്‍കും

Posted on: August 21, 2019 11:54 am | Last updated: August 21, 2019 at 12:49 pm

തിരുവനന്തപുരം: പ്രളയപുരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇത്തവണ സാലറി ചലഞ്ച് ഇല്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം . കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായമായ 10000 രൂപ അടുത്ത മാസം ഏഴിന് മുമ്പ് കൊടുത്തു തീര്‍ക്കാനും യോഗം തീരുമാനിച്ചു. ളയ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും, ഓരോ ജില്ലയിലും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും സഹായത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ഉണ്ടാക്കുക. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണ നടത്താന്‍ തന്നെയാണ് തീരുമാനം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.