Connect with us

National

എന്ത് വിലകൊടുത്തും സത്യത്തിനായി പൊരുതും; ചിദംബരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ തേടുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരമെന്നും നാണംകെട്ട ഭീരുക്കള്‍ അദ്ദേഹത്തെ വേട്ടയാടുകയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. സത്യംവിളിച്ചുപറയുകയും സര്‍ക്കാരിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തതു കൊണ്ടാണ് ഇത്. എന്ത് വിലകൊടുത്തും സത്യത്തിനായി പൊരുതുമെന്നും പ്രിയങ്കയുടെ ട്വീറ്റില്‍ പറയുന്നുണ്ട്.

അതേസമയം ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോര്‍ബാഗിലെ വീട്ടില്‍ വീണ്ടുമെത്തിയ സിബിഐ അദ്ദേഹത്തെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം അറിയിച്ചെങ്കിലും രാവിലെ സിബിഐ വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തുകയായിരുന്നു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി 10.30 ന് പരിഗണിക്കും. ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കുന്നതാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഇന്നലെ അര്‍ധരാത്രി ചിദംബരത്തിന്റെ വീട്ടില്‍ “രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം” എന്നാവശ്യപ്പെട്ടുള്ള സിബിഐ നോട്ടീസ് പതിച്ചിരുന്നു.

ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

---- facebook comment plugin here -----

Latest