എ ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ മരണം; മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് റിമാന്‍ഡില്‍

Posted on: August 20, 2019 7:24 pm | Last updated: August 20, 2019 at 9:17 pm
കുമാര്‍

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു.മണ്ണാര്‍ക്കാട്ടെ പട്ടികജാതി പട്ടികവര്‍ഗ്ഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ ബൈജു നാഥ് ആണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 28 ലേക്ക് മാറ്റി.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ്.

ജൂലൈ 25നാണ് കല്ലേക്കാട് എആര്‍ ക്യാംപിലെ പോലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കുമാറിന്റെ മരണത്തിന് കാരണം മാനസിക പീഡനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.