ശ്രീശാന്തിന്റെ ആജീവാനന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചു; അടുത്ത വര്‍ഷത്തോടെ മലയാളി താരത്തിന് കളത്തിലേക്ക് മടങ്ങിയെത്താം

Posted on: August 20, 2019 4:23 pm | Last updated: August 20, 2019 at 7:54 pm

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന്റെ ആജീവാനന്ത വലിക്ക് ബി സി സി ഐ ഏഴ് വര്‍ഷമായി വെട്ടിക്കുറച്ചു. ഇത് സംബന്ധിച്ച് ബി സി സി ഐ ഓംബ്ഡുസ്മാന്‍ ഡി കെ ജയിന്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഇപ്പോള്‍ തന്നെ ആറ് വര്‍ഷത്തോളം വിലക്ക് നേരിട്ട് കഴിഞ്ഞ ശ്രീശാന്തിന് പുതിയ ഉത്തരവ് പ്രകാരം അടുത്ത വര്‍ഷം സെപ്തംബറോടെ കളത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ തന്നെ 36 വര്‍ഷം കഴിഞ്ഞ ശ്രീശാന്തിന് അടുത്ത സെപ്തംബര്‍ ആകുമ്പോഴേക്കും 37 വയസ്സാകും. ഈ പ്രായത്തില്‍ അദ്ദേഹത്തിന് വീണ്ടും കളത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയുമോയെന്ന് ഉറപ്പില്ല.

ബി സി സി ഐയുടെ തീരുമാനത്തില്‍ നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. ടീമിലേക്ക് മടങ്ങിയെത്താന്‍ കഠിന പ്രയത്‌നം നടത്തും. ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. തന്‍രെ പ്രായത്തിലും അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് ശ്രദ്ധേയ പ്രകടനം നടത്തിയവര്‍ ഏറെയുണ്ട്. ഏഴ് വര്‍ഷത്തില്‍ എല്ലാം സംഭവിച്ചത് നല്ലതിനെന്ന് കരുതുന്നു. താന്‍ ഒരു ടെസ്റ്റ് ക്രിക്കറ്റ് ബൗളറാണ്. ഇപ്പോള്‍തന്നെ 80ന് മുകളില്‍ വിക്കറ്റുകള്‍ ടെസ്റ്റില്‍ നേടിയിട്ടുണ്ട്. നൂറ് ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് നേടി കളത്തില്‍ നിന്ന് വിരമിക്കണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് പ്രതികരിച്ചു.

ശ്രീശാന്തിന്റെ ആജീവാനന്ത വിലക്ക് കുറച്ച ബി സി സി ഐ നടപടിയെ കെ സി ഐ സ്വാഗതം ചെയ്തു. മികച്ച പരിചയ സമ്പന്നനായ താരമാണ് ശ്രീശാന്തെന്നും അദ്ദേഹത്തിന് ഇനിയും മടങ്ങിവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ സി എ പ്രതികരിച്ചു.