ലൈംഗികാതിക്രമണ കേസ്; തരുണ്‍ തേജ്പാലിന്റെ ഹരജി തള്ളി

Posted on: August 19, 2019 12:52 pm | Last updated: August 19, 2019 at 2:54 pm

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിന്റെ ഹരജി സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്നും ആറ് മാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റ്റിസ് അരുണ്‍ മിശ്ര, എം ആര്‍ ഷാ, ബി ആര്‍ ഗവായ് തുടങ്ങിയവരടങ്ങുന്ന ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
തനിക്കെതിരായ പീഡനാരോപണം കെട്ടിച്ചമച്ചതാണെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആയിരുന്നു തേജ്പാലിന്റെ ആവശ്യം. എന്നാല്‍ തേജ്പാല്‍ വിചാരണ നടപടിയുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കുറ്റകൃത്യമാണിതെന്നും കോടതി നിരീക്ഷിച്ചു.

2013 സെപ്തംബറില്‍ പനാജിയില്‍ നടന്ന ബിസിനസ് മീറ്റിനിടെ ലിഫ്റ്റിനുള്ളില്‍ വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്.