കനത്ത മഴ: ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലായി 30 പേര്‍ മരിച്ചു

Posted on: August 19, 2019 12:18 pm | Last updated: August 19, 2019 at 1:53 pm

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലായി 30 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. യമുന ഉള്‍പ്പടെയുള്ള നദികള്‍ കരകവിഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാല്‍
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, യു പി സംസ്ഥാനങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പേമാരിയും പ്രളയവും മൂലം ദുരിതബാധിതമായ ഉത്തരാഖണ്ഡിലെയും പഞ്ചാബിലെയും വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. താഴ്ന്ന സ്ഥലങ്ങളിലും തീരപ്രദേശങ്ങളിലും കഴിയുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഹിമാചല്‍ പ്രദേശില്‍ 23 പേരും ഉത്തരാഖണ്ഡില്‍ നാലു പേരും മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബിലെ അഓല്‍ ഗ്രാമത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തര കാശിയില്‍ മോറിയിലെ അരക്കോട്ടില്‍ പ്രളയത്തില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി വ്യോമ മാര്‍ഗം ഡെഹ്‌റാഡൂണിലെ സഹസ്രധര ഹെലിപാഡിലെത്തിച്ചു. ഇവരെ പിന്നീട് ഡൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവന്‍ ഖേര ഗ്രാമത്തില്‍ കുടുങ്ങിയ നാലുപേരെ ദുരന്ത നിവാരണ സംഘം രക്ഷപ്പെടുത്തി. ഇനിയും 20 പേരോളം ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഉത്തരകാശി ജില്ലയിലെ അരക്കോട്ട്, മക്കുരി, തിക്കോച്ചി ഗ്രാമ ങ്ങില്‍ നിന്ന് പത്തുപേരെ കാണാതാവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചതായും റോഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായതായും അധികൃതര്‍ പറഞ്ഞു. ആശയവിനിമയ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ്റ് സജ്ജീകരണങ്ങളുമടങ്ങിയ ഹെലികോപ്ടറുകളും മൂന്ന് മെഡിക്കല്‍ സംഘവും അരക്കോട്ടില്‍ എത്തിയിട്ടുണ്ട്.

കനത്ത മഴ തുടരുന്ന ഹിമാചല്‍ ബെല്‍റ്റിലെ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലാണ് നാശനഷ്ടങ്ങളില്‍ കൂടുതലും സംഭവിച്ചത്. മണ്ണിടിച്ചില്‍, റോഡ് തകര്‍ച്ച, ജലവൈദ്യുത പദ്ധതികള്‍ അടച്ചുപൂട്ടല്‍, ഡാമുകളുടെ ഷട്ടര്‍ തുറക്കല്‍ തുടങ്ങിയവക്ക് പേമാരി ഇടവരുത്തിയിട്ടുണ്ട്. പഞ്ചാബില്‍ തുടര്‍ ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.