പ്രളയം: ഓണപ്പരീക്ഷ മാറ്റിവെക്കേണ്ട സാഹചര്യമില്ല, പുതിയ പുസ്തകങ്ങള്‍ തിങ്കളാഴ്ച വിതരണം ചെയ്യും: ഡി പി ഐ

kerala
Posted on: August 18, 2019 10:18 am | Last updated: August 18, 2019 at 3:22 pm

തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഓണപ്പരീക്ഷ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ (ഡി പി ഐ) ജീവന്‍ ബാബു. മഴക്കെടുതികള്‍ കാരണം വടക്കന്‍ ജില്ലകളില്‍ മാത്രമാണ് അധ്യയനം കൂടുതലായി തടസ്സപ്പെട്ടതെന്നും അതിനാല്‍ സംസ്ഥാനമാകെ ഓണപ്പരീക്ഷ മാറ്റേണ്ട സ്ഥിതിയില്ലെന്നും ജീവന്‍ ബാബു അറിയിച്ചു. കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ ഓണപ്പരീക്ഷ ഓണാവധിക്ക് ശേഷം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.

പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള പുസ്തക വിതരണം തിങ്കളാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്നും ഡി പി ഐ അറിയിച്ചു. ഈ അധ്യയന വര്‍ഷം ബാക്കിവന്ന പുസ്തകങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ചാണ് പ്രളയ മേഖലയിലെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് ശേഖരിച്ച പുസ്തകങ്ങള്‍ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വിതരണം ചെയ്യും. വടക്കന്‍ മേഖലയില്‍ അതത് ജില്ലകളില്‍ നിന്ന് പുസ്തകങ്ങള്‍ എത്തിക്കും. കൂടുതല്‍ പുസ്തകം ആവശ്യം വന്നാല്‍ ഒരാഴ്ചക്കുളളില്‍ അച്ചടിച്ച് നല്‍കും.

ദുരിതാശ്വാസ ക്യാമ്പുകള്‍ സ്‌കൂളുകളില്‍ നടത്തുന്നതിന് പകരം മറ്റു സ്ഥിരം സംവിധാനം സര്‍ക്കാര്‍ ആലോചിക്കണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ആഗസ്റ്റ് രണ്ടാം വാരം മുതല്‍ ജില്ലാ-താലൂക്ക് തലത്തില്‍ സ്‌കൂളുകള്‍ക്ക് തുടര്‍ച്ചയായി അവധി നല്‍കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.