Kerala
കെ എം ബഷീറിന്റെത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സലീം മടവൂര്‍

കോഴിക്കോട്: കെ എം ബഷീറിന്റെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍. പ്രതി മദ്യപിച്ചില്ലെന്ന് വാദിക്കുന്ന സ്ഥിതിക്ക് ബഷീറിന്റെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമാണ്. മദ്യപിക്കാതെയും വാഹനത്തിന് യന്ത്രത്തകരാറ് ഇല്ലാതെയും ബഷീര്‍ നില്‍ക്കുന്ന വശത്തേക്ക് കൃത്യമായി വാഹനം വെട്ടി തിരിഞ്ഞ് ഇടിച്ചത് കരുതിക്കൂട്ടിയുള്ള കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ബഷീറിന്റെ മരണത്തിലെ ഗൂഢാലോചന വിശ്വസ്തനായ എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ആശുപത്രിക്കാര്‍ക്കിടയില്‍ ഉയര്‍ന്ന സ്വാധീനമുള്ള റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനാണ് എല്ലാ ചരട് വലികളും നടത്തിയത്. ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് 1.56ന് മ്യൂസിയം എസ് ഐ ജയപ്രകാശ് ഫോണ്‍ ചെയ്തപ്പോള്‍ റിംഗ് ചെയ്ത ബഷീറിന്റെ ഫോണ്‍ ലൊക്കേഷന്‍ എവിടെയെന്ന് പോലീസ് കണ്ടെത്തണം. അത് കിംസ് ആശുപത്രിയുടെ പരിസരത്താണോ അതല്ല മറ്റെവിടെയെങ്കിലുമാണോയെന്ന് സംശയമുണ്ട്. നേരെയുള്ള റോഡാണിത്. കൃത്യമായി ബശീര്‍ ഫോണ്‍ ചെയ്യുന്ന ഭാഗത്തേക്കാണ് പ്രതി വാഹനം തിരിച്ചുവിട്ടത്. അത് കൊണ്ട് തന്നെ ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്. 302 ാം വകുപ്പ് പ്രകാരം പുതിയ എഫ് ഐ ആര്‍ തയ്യാറാക്കണം.
തെളിവ് നശിപ്പിക്കാന്‍ നിരന്തര ഗൂഡാലോചനയാണ് നടന്നത്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. എല്ലാ പരിശോധനകളും സമയം കഴിഞ്ഞാണ് നടക്കുന്നത്. തെളിവ് നശിപ്പിക്കാന്‍ നടത്തിയ ഗൂഢാലോചന സംബന്ധിച്ച് ഇതിന് മാത്രമായി പ്രത്യേക എഫ് ഐ ആറിട്ട് അന്വേഷിക്കണമെന്നും സലീം മടവൂര്‍ ആവശ്യപ്പെട്ടു.
സംഭവ സമയം മുതല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത സമയം വരെയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ യും റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനായ രാജീവ് സദാനന്ദന്റെയും ഫോണ്‍ കോളുകളുടെ വിവരം പുറത്ത് വിടാന്‍ പോലീസ് തയ്യാറാകണം. ശ്രീരാമിനെ മദ്യമല്ലാതെ മറ്റെന്തോ വാസനിച്ചുവെന്നാണ് കൂടെ യാത്ര ചെയ്ത വഫാ ഫിറോസ് സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് കഞ്ചാവോ നിരോധിക്കപ്പെട്ട മറ്റ് ലഹരി വസ്തുക്കളോ ആണോ എന്ന് പരിശോധിക്കണം. അക്കാര്യത്തെ കുറിച്ച് ഇന്റര്‍വ്യൂ നടത്തിയ ജിമ്മി ജെയിംസിനെ സാക്ഷിയാക്കി അന്വേഷണം നടത്തണമെന്നും സലീം മടവൂര്‍ ആവശ്യപ്പെട്ടു.
ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയടക്കം വഹിക്കേണ്ട ശ്രീറാം വെങ്കിട്ടരാമന്‍ പരസ്യമായി കളവ് പറഞ്ഞ സാഹചര്യത്തില്‍ ശ്രീറാമിന്റെ ഐ എ എസ് റദ്ദാക്കാനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ അബ്ദുല്‍സത്താറും പങ്കെടുത്തു.