കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി

Posted on: August 16, 2019 9:23 pm | Last updated: August 17, 2019 at 12:15 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹ്മദ് മിര്‍റിനെ പോലീസ് വീട്ടുതടങ്കലിലാക്കി. മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ രവിന്ദര്‍ ശര്‍മയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.

പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന രവീന്ദര്‍ ശര്‍മയെ പോലീസ് സംഘമെത്തി തടയുകയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് താങ്കളോട് സംസാരിക്കണമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. തനിക്ക് നേരത്തെ തീരുമാനിച്ച വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ വരാന്‍ പ്രയാസമുണ്ടെന്നും രവീന്ദര്‍ ശര്‍മ വ്യക്തമാക്കിയെങ്കിലും പോലീസ് ബലം പ്രയോഗിച്ച് അദ്ദേഹത്തെ വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷമാണ് മിര്‍റിനെ വീട്ടുതടങ്കലിലാക്കിയത്.

നടപടി ഭരണഘടനക്ക് നിരക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണെന്ന് പാര്‍ട്ടിയുടെ ഒ ബി സി വിഭാഗം ചെയര്‍മാന്‍ സുരേഷ് കുമാര്‍ ദോഗ്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ‘ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനും പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലില്‍ വെക്കുന്നതിനും മറ്റുമെതിരെ പ്രചാരണം നടത്തുകയാണ് തങ്ങള്‍. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളാണ് അധികൃതരില്‍ നിന്നുണ്ടാകുന്നത്.’- ദോഗ്ര പറഞ്ഞു. ജനാധിപത്യ രീതിയില്‍ തങ്ങളുടെ നിലപാട് മുന്നോട്ടു വെക്കാനുള്ള അവകാശത്തിനെതിരായ ഏകാധിപത്യപരമായ നീക്കമാണിത്. എന്തുവന്നാലും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രക്ഷോഭം നിര്‍ത്തിവെക്കാന്‍ പോകുന്നില്ല. ദോഗ്ര കൂട്ടിച്ചേര്‍ത്തു.