Editorial
അഭിനന്ദനമര്‍ഹിക്കുന്നു ഈ സുമനസ്സുകള്‍

സംഘ്പരിവാറിന്റെയും കുടിലബുദ്ധികളുടെയും കുപ്രചാരണങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും കേരളീയ സമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നു ബോധ്യപ്പെടുത്തുന്നതാണ് സംസ്ഥാനത്തെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തു വന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ മഹാ പ്രളയകാലത്തെന്ന പോലെ, ഇത്തവണ മലബാറിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവരെ സഹായിക്കാന്‍ കേരളീയ സമൂഹവും പുറത്തു നിന്നുള്ള സുമനസ്സുകളും കൈകോര്‍ത്തുകൊണ്ടിരിക്കുകയാണ്. എറണാകുളം ബ്രോഡ്‌വേയില്‍ ദുരിതാശ്വാസത്തിന് സാധന സാമഗ്രികള്‍ തേടിയിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്, പെരുന്നാള്‍ കച്ചവടത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന തുണിത്തരങ്ങള്‍ വാരിക്കോരി നല്‍കിയ കൊച്ചി മാലപ്പുറത്തെ നൗശാദും, ക്യാന്‍സര്‍ ബാധിച്ച നാല് വയസ്സുള്ള മകന്റെ ചികിത്സക്കായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ പത്തനംതിട്ട എഴംകുളം സ്വദേശി അനസും, തന്റെ വസ്ത്രവ്യാപാര പീടികയില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന വസ്ത്രങ്ങള്‍ സംഭാവന നല്‍കിയ ആലപ്പുഴ തൃക്കുന്നപ്പുഴ അബ്ദുല്ലയുമെല്ലാം കാരുണ്യ ബോധവും നന്മയും തുളുമ്പുന്ന കേരളീയ സമൂഹത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.
കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതികളില്‍ നിന്ന് സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല. അതിലെ ഇരകളെയും നാശനഷ്ടങ്ങള്‍ സംഭവിച്ചവരെയും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി പാതിവഴിയിലാണിപ്പോഴും. അതിനിടെയാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശേഷിച്ചു മലബാറില്‍ വ്യാപകമായ ഉരുള്‍പൊട്ടലും പ്രളയവും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. നൂറോളം മനുഷ്യ ജീവനുകള്‍ ദുരന്തങ്ങളില്‍ നഷ്ടമായി. വീടു തകര്‍ന്ന് വെള്ളം കയറിയും പതിനായിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. നാശനഷ്ടത്തിന്റെ വ്യാപ്തി പത്രങ്ങളും ചാനലുകളും സാമൂഹിക മാധ്യമങ്ങളും വഴി അറിഞ്ഞ കേരളീയ സമൂഹം ദുരിതബാധിതരെ സഹായിക്കാന്‍ ആരുടെയും പ്രേരണ കൂടാതെ മുന്നോട്ട് വന്നു കൊണ്ടിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ നിന്ന് നിരവധി യുവാക്കളാണ് നിലമ്പൂരിലെയും വയനാട്ടിലെയും മറ്റും ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വന്നെത്തിയത്. ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനായി തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ശേഖരിച്ച സാധന സാമഗ്രികള്‍ നിറച്ച നിരവധി ലോറികളും മലബാറിലേക്കു വന്നുകൊണ്ടിരിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങളുമായി തിരുവനന്തപുരത്തു നിന്ന് ഇതിനകം പുറപ്പെട്ടത് അമ്പതില്‍ അധികം വാഹനങ്ങളാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ചില കുബുദ്ധികള്‍ നിരന്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടും അതിലേക്ക് സംഭാവനകള്‍ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രണ്ട് കോടിയിലേറെ രൂപയാണ് നിധിയിലേക്ക് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയം മധ്യ കേരളത്തില്‍ വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കിയപ്പോള്‍, സന്നദ്ധ പ്രവര്‍ത്തകരും സഹായങ്ങളും കൂടുതല്‍ എത്തിയത് മലപ്പുറം, കോഴിക്കോട് തുടങ്ങിയ മലബാറിലെ ജില്ലകളില്‍ നിന്നായിരുന്നു. ഇതിന് നന്ദി പ്രകാശിപ്പിക്കാന്‍ കൈവന്ന അവസരമെന്ന നിലയിലാണ് മലബാറില്‍ ഇപ്പോഴുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള സഹായ സഹകരണങ്ങളെ തെക്കന്‍ കേരളത്തിലെ സുമനസ്സുകള്‍ കാണുന്നത്. “മഹാപ്രളയം വന്നപ്പോള്‍ ചങ്ക് പറിച്ചു നല്‍കിയവരാണ് മലപ്പുറത്തുകാര്‍. പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും വില എറണാകുളത്തുകാര്‍ക്ക് പഠിപ്പിച്ച മലപ്പുറത്തുകാരെ മറക്കാനാകില്ല. നമ്മുടെ കക്കൂസുകള്‍ വരെ കഴുകി വൃത്തിയാക്കി വീട്ടിലേക്കാവശ്യമായ സാധന സാമഗ്രികള്‍ കൂടി നല്‍കിയവരാണ് അവര്‍. ഇപ്പോള്‍ മലപ്പുറത്തുകാര്‍ക്കൊരു ദുരന്തമുണ്ടായപ്പോള്‍ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ നമുക്കാകുമോ” എന്ന പറവൂരിലെ ഒരു വീട്ടമ്മയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. തമിഴ്‌നാട് ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ദുരിത മേഖലകളിലേക്ക് സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ അഭ്യര്‍ഥന പ്രകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ ശേഖരിച്ച അരി, പലവ്യഞ്ജനം, വസ്ത്രങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികളുമായി 60 ലോഡുകളാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിയത്.
ഉരുള്‍പൊട്ടലില്‍ മണ്ണടിഞ്ഞു മരിച്ചു കിടക്കുന്നതും ദുരിതമനുഭവിക്കുന്നതും ഇവരുടെയൊന്നും സ്വന്തക്കാരോ ബന്ധുക്കാരോ അല്ല. ഒരു പക്ഷേ, ദുരിതാശ്വാസ സഹായ ഹസ്തവുമായി തങ്ങള്‍ ചെന്നെത്തുന്ന സ്ഥലങ്ങളെക്കുറിച്ചു അവര്‍ക്കും മുന്‍പരിചയം പോലുമുണ്ടായിരിക്കണമെന്നില്ല. ദുരിതബാധിതര്‍ തങ്ങളുടെ സഹജീവികളാണെന്ന ബോധ്യത്തിലും തിരിച്ചറിവിലുമാണ് പലരും സ്വന്തം ആവശ്യങ്ങളും ജോലി പോലും മാറ്റിവെച്ച് സേവന പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. ആപത്തുകളും ദുരിതങ്ങളും വന്നു ചേരുമ്പോള്‍ എല്ലാം മറന്നു സഹായിക്കാനും പരിചയക്കാരോ അല്ലാത്തവരോ എന്നു നോക്കാതെ ഓടിയെത്താനുമുള്ള ഈ വലിയ മനസ്സ് അഭിനന്ദിക്കപ്പെടേണ്ടതാണ്. സഹോദരന്റെ വേദന തന്റേതായി അനുഭവിക്കുന്ന മനസ്സ് പാരാവാര സമാനം വിശാലമാണ്. മത, ജാതി, രാഷ്ട്രീയ, പ്രാദേശിക സങ്കുചിത ചിന്തകളും കുപ്രചാരണങ്ങളും ഇവിടെ മാറിനില്‍ക്കുന്നു. കുപ്രചാരണങ്ങളും സഹായങ്ങള്‍ മുടക്കാനുള്ള ദുഷ്ടബുദ്ധികളുടെ ഹിഡന്‍ അജന്‍ഡയും അതിനു മുമ്പില്‍ നിഷ്ഫലമാകുന്നു.