National
കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞത് പൗരന്മാര്‍ക്ക് ഗുണകരം: രാഷ്ട്രപതി

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കാശ്മീര്‍ ജനതക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സ്വാതന്ത്ര്യ ദിന തലേന്ന് ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മറ്റു പൗരന്മാര്‍ അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യവും അവകാശങ്ങളും സൗകര്യങ്ങളും ഇനി കാശ്മീര്‍ ജനതക്കും ലഭിക്കും. ജമ്മു കാശ്മീരിനെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടായി ഭാഗിച്ചത് അവിടത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മദിനം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍, മഹാത്മജിയുടെ ചിന്തകളും നിരീക്ഷണങ്ങളും നമ്മള്‍ ഗൗരവത്തില്‍ എടുക്കണം. മഹാത്മജി കാണിച്ചുതന്ന പാത ഇന്നും പ്രസക്തമാണ് – രാംനാഥ് കോവിന്ദ് ചൂണ്ടിക്കാണിച്ചു.
30 ബില്ലുകള്‍ പാസ്സാക്കാന്‍ സാധിച്ച പാര്‍ലിമെന്ററി സമ്മേളനം ക്രിയാത്മകമായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. നിരവധി പ്രധാനപ്പെട്ട ബില്ലുകളാണ് ഈ സമ്മേളനകാലത്ത് പാസ്സാക്കാനായത്. വിശദമായ ചര്‍ച്ചകളും നടന്നു. നിയമസഭകളും ഈ രീതി മാതൃകയാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.