വേദന! വേദന മാത്രം…

ഓർമ
Posted on: August 14, 2019 5:34 pm | Last updated: August 14, 2019 at 5:35 pm

ബഷീർ,
നിന്റെ നന്മകൾ വായിച്ച് സങ്കടം ഇല്ലാതാക്കുന്നു. ‘പുഞ്ചിരിക്കുന്ന മുഖമുള്ളയാൾ’ എന്നാണ് നിന്നെക്കുറിച്ച് ഏറേപ്പേരും എഴുതിയതും വിശേഷിപ്പിച്ചതും. വാണിയന്നൂരിൽ നിന്റെ പുതിയ വീട്ടുമുറ്റത്ത് ഒടുവിൽ കണ്ടപ്പോഴും നീ ചിരിച്ചുകൊണ്ടേ കിടന്നു. സഹോദരാ, നമ്മുടെ സൗഹൃദങ്ങളും ചർച്ചകളും ജോലിയും സിറാജായിരുന്നു. ഇന്നു നീ തന്നെ സിറാജായി മാറി. ‘സാർ സിറാജ് വിടുകയാണോ’ എന്നാണ് കുറച്ചുനാൾ മുമ്പ് നീ തിടുക്കപ്പെട്ട് വന്ന് ഗൂഗിൾ ചാറ്റിലൂടെ അന്വേഷിച്ചത്. സിറാജ് വിട്ടുപോകരുതെന്ന നിന്റെ താത്പര്യം തന്നെയാകും ആ അന്വേഷണത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാകുകയെന്ന് ഞാൻ കരുതിയിരുന്നു. മറ്റു പരിപാടികൾ വല്ലതും നോക്കണം, നാടുപിടിക്കണം, അളിയന്മാരുമായി ചേർന്ന് ബിസിനസ് എന്നൊക്കെ ആത്മഗദം നടത്തുമ്പോഴും സ്വകാര്യം പറയുമ്പോഴും, മറ്റാരും സിറാജ് വിട്ടുപോകരുതെന്നായിരുന്നു നിന്റെ ആഗ്രഹം. പക്ഷേ എനിക്കറിയാമായിരുന്നു നിനക്കും സിറാജ് വിടാനാകില്ലെന്ന്. അത്രമേൽ നീ സിറാജും സിറാജ് നീയുമായി അലിഞ്ഞു ചേർന്നിരുന്നു. ആ ചേർത്തു പിടിക്കലിന് സമൂഹം നിന്നോട് കാണിച്ച വാത്സല്യം ഞാനിന്നു കണ്ടു, പ്രയത്‌നങ്ങൾ വെറുതെയായില്ല സഹോദരാ.. നിന്റെ ആത്മാവിന് നിത്യശാന്തിയുണ്ടാകും.
നമ്മൾ പരിചയപ്പെടുമ്പോൾ നീ തിരൂർ റിപ്പോർട്ടർ ബഷീർ വാണിയന്നൂരാണ്. ഉമർക്കയുടെ കൂടെ മലപ്പുറം ബ്യൂറോയിലേക്കു മാറിയപ്പോഴും നിന്റെ എഴുത്തുപേര് അതായിരുന്നു. നാസർക്ക (പി ടി നാസർ) എഡിറ്ററായി വന്നപ്പോൾ നടത്തിയ ബൈലൈൻ സ്റ്റാൻഡേഡൈസേഷന്റെ ഭാഗമായാണ് നീ കെ എം ബഷീറായി മാറിയതെന്നാണ് ഓർമ. ‘എല്ലാ പൊന്നും പൊന്നല്ല’ എന്ന പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റമെന്നും ഓർക്കുന്നു. നാസർക്ക പ്രതീക്ഷ പുലർത്തിയിരുന്ന സിറാജിലെ ചെറുപ്പക്കാരിൽ നിന്റെ പേർ മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന് പിഴച്ചില്ല, നീ സിറാജിന്റെ മുന്നിൽ തന്നെയെത്തി.

നമ്മൾ ഒരുപാട് വർത്തമാനം പറഞ്ഞു. കൂട്ടമായി ചർച്ചകൾ നടത്തി. പത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ആധുനീകരിക്കുന്നതിൽ ശ്രദ്ധ പുലർത്തിയ അന്നത്തെ മാനേജർ കരീം കക്കാട് ഒരുക്കിത്തന്ന റിലയൻസ് ഫോണിലെ പരസ്പര സൗജന്യ വിളി സൗകര്യങ്ങൾ നമ്മുടെ ചർച്ചകളെ കനം വെപ്പിച്ചു. അങ്ങനെയാണ് മലപ്പുറം ബ്യൂറോയിലും പെരിന്തൽമണ്ണ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലുമായി നാം അശ്‌റഫലിക്ക, സുരേഷ്, ശിഹാബ് തങ്ങൾ തുടങ്ങിയവർക്കൊപ്പം ഒരുപാട് നേരം കൂടിയിരുന്ന് സംവാദങ്ങളിലേർപ്പെട്ട് സിറാജിന് വേണ്ടി നിർദേശം തയ്യാറാക്കി സമർപ്പിച്ചത്. ആ പേജുകൾ ഇപ്പോഴും എവിടെയെങ്കിലുമൊക്കെ കാണും, അതിൽ നമ്മുടെ പേരുകൾ എഴുതിവെച്ചിട്ടുമുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് പത്രം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള കരീംക്കയുടെ താത്പര്യത്തിലാണ് മലപ്പുറം, തൃശൂർ ബ്യൂറോകൾ നവീകരിച്ചതും ആദ്യമായി കംപ്യൂട്ടറൈസ് ചെയ്യുന്നതും. അന്ന് നീ മലപ്പുറത്തും ഞാൻ തൃശൂരും. സിറാജ് ചരിത്രത്തിലെ ആദ്യ കംപ്യൂട്ടർവത്കൃത ബ്യൂറോകളുടെ അവകാശം നമുക്കുള്ളതാണ് ബഷീർ. റംഷാദ്ക്ക (പി എസ് റംഷാദ്) തിരുവനന്തപുരത്ത് സിറാജിന്റെ ഒറ്റയാൾ ബ്യൂറോ നയിച്ചിരുന്ന കാലത്ത് എന്നെ പലപ്പോഴും തിരുവനന്തപുരത്തേക്ക് വിളിച്ചിരുന്നു. ഏതാണ്ട് പോകേണ്ടി വരുമെന്ന് തോന്നിയ ഘട്ടത്തിലാണ് ദുബൈ എഡിഷനിലേക്കു പോയത്. നീ തിരുവനന്തപുരത്തേക്കും പോയി. നിന്റെ മാധ്യമ ജീവിതത്തിലെ തെളിച്ചം തിരുവനന്തപുരമാണ്. നിന്റെ പേജ് വൺ ബൈലൈനുകളും റിപ്പോർട്ടുകളും എഴുത്തുകളും കൗതുകത്തോടെയും തെല്ല് അസൂയയോടെയുമാണ് ശ്രദ്ധിച്ചത്. അവസരങ്ങൾ തന്നെയാണ് ഒരു മാധ്യമ പ്രവർത്തകനിൽ കൂടുതൽ ജാഗ്രതയും പ്രവർത്തന സന്നദ്ധതയും ഉയർത്തുക. നീയതു ഭംഗിയായി ചെയ്തു. അങ്ങനെ ബഷീറേ നീ നിറഞ്ഞ മാധ്യമ പ്രവർത്തകരിലൊരാളായി.

മാസങ്ങൾക്കു മുമ്പ് നിന്നെ കാണാൻ തിരുവനന്തപുരം ഓഫീസിൽ ഞാൻ വന്നു. കാണാനായില്ല. ഫോണിൽ വിളിച്ചു നാം സംസാരിച്ചു. കാണാമെന്നു കരാറിലായതാണ്. കുറച്ചു നാൾ മുമ്പ് അശ്‌റഫലിക്ക വിളിച്ചപ്പോൾ പറഞ്ഞിരുന്നു, ബഷീർ നമ്പർ ചോദിച്ചിരുന്നുവെന്ന്. എന്തു പറയാനായിരുന്നുവെന്നറിയില്ല, നീ വിളിക്കുമെന്ന് കരുതി ഞാൻ കാത്തിരുന്നു. വാണിയന്നൂരിൽ അവസാനമായി നിന്നെ കാണാൻ വരുമ്പോൾ ഞാനോർത്തത്, മുമ്പൊരിക്കൽ ഞാൻ അവധിയിൽ വന്ന സമയത്ത് നിന്നെ കാണാൻ ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വന്നതാണ്. കാഴ്ച മുടങ്ങരുതെന്ന ശാഠ്യത്തിലാണ് നാം തീവണ്ടിയാപ്പീസിൽ വെച്ച് കണ്ടതും ചായ കുടിച്ച് പിരിഞ്ഞതും. പിന്നെയും നമ്മൾ കണ്ടു. വാട്‌സാപ്പിലും ഗൂഗിൾ ചാറ്റിലും വർത്തമാനങ്ങൾ പറഞ്ഞു. ഞാൻ നീരസങ്ങൾ നിരത്തി, പക്ഷേ നീ പ്രതീക്ഷകൾ പറഞ്ഞു. അതുകൊണ്ടാണ് സിറാജിന് കരുത്താകാൻ നിനക്ക് സാധിച്ചത്.
നീ യൂനിറ്റ് മാനേജറായതിൽ ഞാനും മുസ്തഫ മാഷും പലവട്ടം സങ്കടപ്പെട്ടിട്ടുണ്ട്. അസൂയ കൊണ്ടല്ല, നിന്നിലെ മാധ്യമപ്രവർത്തകൻ മയങ്ങുമോ എന്നു ഭയപ്പെട്ടുകൊണ്ട് വാത്സല്യപൂർവം. നമ്മൾ സംസാരിച്ചില്ലെങ്കിലും മുസ്തഫ മാഷുമായും അശ്‌റഫലിക്കയുമായൊക്കെയുള്ള സംസാരങ്ങളിൽ നീ കടന്നുവന്നു.

ഇന്ന് നിന്റെ വീട്ടിൽവെച്ചു കണ്ടപ്പോൾ ശിഹാബ് തങ്ങൾ പറഞ്ഞു, മലപ്പുറത്തെ കൂടിയിരിക്കലുകൾ ഓർക്കുന്നുവെന്ന്. ഗഫൂർ മാഷും കരീംക്കയും എന്നോടു പറഞ്ഞത്, നീ വന്നില്ലേ എന്ന് ഞങ്ങൾ നോക്കുകയായിരുന്നുവെന്ന്. നമ്മുടെ സൗഹൃദങ്ങൾ അവരൊക്കെ ഓർത്തുവെക്കുന്നു. സുരേഷിനെ കാണാഞ്ഞ് ഞാൻ അങ്ങോട്ടു വിളിച്ചു. ഡ്യൂട്ടി കാരണം വരാനായില്ലെന്ന് സങ്കടം പറഞ്ഞു. ഖത്വറിൽ വെച്ച് നിന്നെപ്പറ്റി ഏറെപ്പറയാനുള്ള റിൻസിനെ നിന്റെ വീട്ടിൽവെച്ചു കണ്ടു. ഖത്വറിൽ കുറച്ചുകാലം ഒരുമിച്ചുണ്ടായ കാസിം താനൂർ നിന്നെപ്പറ്റി ഒരുപാടു പറയും. മുമ്പൊരിക്കൽ ഞാൻ നിന്റെ തറവാട്ടിൽ വന്നത് നിന്റെ സഹോദരങ്ങളുടെ കല്യാണത്തിനാണ്. വീണ്ടും നിന്റെ വീട്ടുമുറ്റത്തു വന്നത് നിന്നെ മാത്രം കാണാനും. നമുക്കിനിയും കാണണം. പടച്ചവൻ തൗഫീഖ് തരട്ടേ.

അലി അക്ബർ
[email protected]