വടിവാളുമായി കവര്‍ച്ചക്കാര്‍; പതറാതെ നേരിട്ട് വൃദ്ധ ദമ്പതികള്‍

Posted on: August 13, 2019 11:01 am | Last updated: August 13, 2019 at 1:42 pm

ചെന്നൈ: വടിവാളുമായി കവര്‍ച്ചക്കെത്തിയ രണ്ട് പേരെ വൃദ്ധ ദമ്പതികള്‍ നേരിട്ടത് ചെരിപ്പും പ്ലാസ്റ്റിക് കസേരകളുംകൊണ്ട്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം . ഇതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

70കാരനായ ഷണ്‍മുഖവേലിന്റേയും 65കാരിയായ ഭാര്യ സെന്താമരയുടേയും ഫാം ഹൗസിലാണ് മുഖംമൂടി ധരിച്ച രണ്ട് കവര്‍ച്ചക്കാര്‍ എത്തിയത്. ഇതിലൊരാളുടെ കൈവശം വടിവാളുമുണ്ടായിരുന്നു. ഫാം ഹൗസിന് പുറത്ത് കസേരയിലിരിക്കുകയായിരുന്ന ഷണ്‍മുഖവേലിന്റെ പിന്നിലൂടെയെത്തിയ കവര്‍ച്ചക്കാര്‍ കഴുത്തില്‍ തുണിചുറ്റി മുറുക്കി. ഷണ്‍മുഖവേലിന്റെ ശബ്ദം കേട്ടെത്തിയ സെന്താമര പകച്ച് നില്‍ക്കാതെ നിലത്ത് കിടന്ന ചെരുപ്പെടുത്ത് കവര്‍ച്ചക്കാര്‍ക്ക് നേരെയെറിഞ്ഞു. പടിവലിക്കിടെ ഷണ്‍മുഖലേല്‍ കവര്‍ച്ചക്കാരുടെ പിടിയില്‍നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് കവര്‍ച്ചക്കാരെ നേരിട്ടു. സെന്താമരയും മറ്റൊരു പ്ലാസ്റ്റിക് കസേരകൊണ്ട് കവര്‍ച്ചക്കാരെ അടിച്ചു. ഇതിനിടെ സെന്താമരയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.