നാസ റോബര്‍ട്ടുകളെ സൃഷ്ടിക്കുന്നത് സംസ്‌കൃതത്തിന്റെ സഹായത്താല്‍: കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാല്‍

Posted on: August 11, 2019 12:14 pm | Last updated: August 11, 2019 at 4:33 pm

ന്യൂഡല്‍ഹി: ശാസ്ത്ര കണ്ടുപിടുത്തങ്ങളുടേയെല്ലാം പിന്നില്‍ ഹിന്ദുത്വമാണെന്ന് സ്ഥാപിക്കാനുള്ള ബി ജെ പി, ആര്‍ എസ് എസ് നേതാക്കളുടെയും കേന്ദ്രമന്തിമാരുടേയും വിചിത്ര വാദങ്ങള്‍ തുടരുന്നു. അമേരിക്കന്‍ സ്‌പേസ് റിസര്‍ച്ച് ഏജന്‍സിയായ നാസ റോബോട്ടുകളെ സ്ഷ്ടിച്ചത് സംസ്‌കൃതത്തിന്റെ സഹായത്തോടെയാണെന്ന് കേന്ദ്രമാനവവിഭവശേഷി മന്തി രമേഷ് പൊഖ്രിയാല്‍ നിശാങ്ക് അഭിപ്രായപ്പെട്ടു. ഐ ഐ ടി ബോംബേയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്‌കൃതം ശാസ്ത്ര ഭാഷയാണ്. സംസ്‌കൃതത്തെ അടിസ്ഥാനമാക്കിയാണ് ശാസ്ത്ര കണ്ടുപിടിത്തങ്ങളെല്ലാം നടക്കുന്നത്. ആറ്റങ്ങളും മോളിക്യൂളുകളും കണ്ടുപിടിച്ചത് ചരക മഹര്‍ഷിയാണ്. സംസ്‌കൃതം ശാസ്ത്രീയ ഭാഷയാണ്. മറ്റൊരു ഭാഷയുമായും സംസ്‌കൃതത്തെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. സംസ്‌കൃതത്തില്‍ വാക്കുകള്‍ എഴുതപ്പെട്ടിരിക്കുന്നത് പോലെ തന്നെയാണ് അത് ഉച്ചരിക്കുന്നതും. നാസ പറയുന്നത് സംസ്‌കൃതത്തിന്റെ സഹായത്തില്‍ മാത്രമേ ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന റോബോട്ടുകളെ നിര്‍മിക്കാന്‍ സാധിക്കൂ എന്നാണെന്നും രമേഷ് പൊഖ്രിയാല്‍ പറഞ്ഞു.

ആയൂര്‍വേദമില്ലെങ്കില്‍ മെഡിസിനുകള്‍ പൂര്‍ണമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.