Eranakulam
കെ എസ് ആർ ടി സി ബസ് വെള്ളത്തിൽ മുങ്ങി; യാത്രക്കാർ രക്ഷപ്പെട്ടു

മൂവാറ്റുപുഴ: യാത്രക്കാരുമായി എത്തിയ കെ എസ് ആർ ടി സി ബസ് വെള്ളത്തിൽ മുങ്ങി. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ കോതമംഗലം റൂട്ടിൽ കക്കടാശ്ശേരിയിലാണ് സംഭവം.
തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. കോതമംഗലം ആറ് കരകവിഞ്ഞതിനെ തുടർന്ന് കക്കടാശ്ശേരിയിൽ റോഡിലേക്ക് വെള്ളം കയറി കിടക്കുകയായിരുന്നു. വെള്ളത്തിന്റെ അളവറിയാതെ ഡ്രൈവർ ബസ് ഓടിച്ച് പോകുകയായിരുന്നു. ബസ് പകുതിയോളം മുങ്ങിയതോടെ എഞ്ചിൻ ഓഫാകുകയും ചെയ്തു.
40ഓളം യാത്രക്കാരുമായി എത്തിയ ബസ് വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയതോടെ ബസിൽ നിന്നും കൂട്ടകരച്ചിൽ ഉയർന്നു. ബഹളം കേട്ട് പ്രദേശവാസികൾ ഫയർഫോഴ്‌സിനെ വിവരമറിയിച്ചതോടെ മൂവാറ്റുപുഴയിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘം യാത്രക്കാരെ രക്ഷപ്പെടുത്തി കെ എസ് ആർ ടി സി സ്റ്റാൻഡിൽ എത്തിക്കുകയായിരുന്നു. ദീർഘ ദൂര യാത്രക്കാരായിരുന്നു ബസിലേറെയും, ഇവരുടെ വസ്ത്രങ്ങളും ലഗേജുമടക്കം വെള്ളത്തിൽ നനഞ്ഞ് കുതിർന്നിരുന്നു. പുലർച്ചെയായതിനാൽ വാഹനങ്ങൾ ഇല്ലാതിരുന്നതും, റോഡിൽ അറിയിപ്പ് ബോർഡുകൾ വെക്കാതിരുന്നതുമാണ് ഡ്രൈവർ ബസ് വെള്ളത്തിൽ ഇറക്കാൻ കാരണം.