സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാർ വയനാട്ടില്‍

Posted on: August 9, 2019 3:38 pm | Last updated: August 9, 2019 at 11:40 pm
ഉരുൾപൊട്ടലിൽ വൻദുരന്തമുണ്ടായ മേപ്പാടി പുത്തുമലയിലെ സ്ഥിതിവിവരങ്ങൾ ആരായുന്ന മന്ത്രിമാരായ എ കെ ശശീന്ദ്രനും, രാമചന്ദ്രൻ കടന്നപ്പള്ളിയും

കൽപ്പറ്റ: അതിത്രീവ്രമഴയിൽ വിറങ്ങലിച്ച് നിൽക്കുന്ന ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ജില്ലയിലെത്തി. രാവിലെ കലക്ട്രേറ്റിലെത്തിയ മന്ത്രിമാർ ദുരിതാശ്വാസ,രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
ഉരുൾപൊട്ടലിൽ വൻദുരന്തമുണ്ടായ മേപ്പാടി പുത്തുമലയിലെ സ്ഥിതിവിവരങ്ങൾ ജില്ലാകലക്ടർ എ ആർ അജയകുമാർ വിശദീകരിച്ചു. സബ് കല ക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.

ഫയർഫോഴ്‌സിനെ കൂടാതെ 80 എൻ ഡി ആർ എഫ്, ഡി എസ് സി സേനാംഗങ്ങളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
ജെ സി ബി അടക്കമുള്ള സൗകര്യങ്ങളും പ്രവർത്തന ക്ഷമമാണ്. അഡിഷനൽ എസ് പിയും ഡിവൈ എസ് പിയും അടങ്ങുന്ന സംഘവും സ്ഥലത്തുണ്ട്. പൊതുജനങ്ങൾ സംഭവസ്ഥലത്തേക്ക് എത്തുന്നത് തടയാൻ ബാരിക്കേഡ് വെച്ചു നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ സെല്ലും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും കലക്ടർ മന്ത്രിമാരെ അറിയിച്ചു. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാന്പും സംഘം സന്ദർശിച്ചു. എം എൽ എമാരായ സി കെ ശശീന്ദ്രൻ, ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

അതേസമയം, പ്രാഥമിക കണക്കനുസരിച്ച് ജില്ലയിൽ 2,350 ഹെക്ടറിൽ കൃഷി നശിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. 2000 ഹെക്ടർ നെല്ല് കൃഷി വെള്ളത്തിനടിയിലായി. 350 ഹെക്ടറിലെ കുലച്ച വാഴകളും നശിച്ചെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. വരും ദിവസങ്ങളിൽ നടക്കുന്ന കണക്കെടുപ്പിൽ മറ്റ് കാർഷിക വിളകളുടെയും നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുമ്പോൾ നഷ്ടകണക്ക് ഉയരുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്. വൈദ്യൂതി ലൈനുകളിലെ ചെറിയ തകരാറുകൾ അടിയന്തരമായി പരിഹരിച്ച് രണ്ട് ദിവസത്തിനുള്ളിൽ കാര്യക്ഷമമാക്കും. ആവശ്യമായ ഇടങ്ങളിൽ ടാങ്കർ ലോറിയിൽ കുടിവെളളം എത്തിക്കുന്നതിനുളള ക്രമീകരണങ്ങളും നടത്തിയതായി വാട്ടർ അതോറിറ്റി അധികൃതരും അറിയിച്ചു. മഴക്കെടുതി പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതു വരെ അവധി ദിവസങ്ങളിലടക്കം ഉദ്യോഗസ്ഥർ ജില്ലയിൽ തുടരണമെന്നും മന്ത്രിമാർ നിർദേശിച്ചു.

ദുരിതാശ്വസ ക്യാമ്പകളുടെ പ്രവർത്തനങ്ങൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കലക്ടർമാരേയും 26 സെക്ടർ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്യാമ്പിന്റെയും ഉത്തരവാദിത്വം നിർവഹിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ദിവസേന ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യാമ്പ് ഓഫീസറുടെ ഇൻഡന്റ് പ്രകാരം ക്യാമ്പിലേക്കാവശ്യമായ ഭക്ഷണസാധനങ്ങൾ മാവേലി,സപ്ലൈകോ സ്റ്റോറുകളിലും നിന്ന് ക്രെഡിറ്റ് വ്യവസ്ഥയിൽ നൽകാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കും. ക്യാമ്പുകളിൽ മെഡിക്കൽ സംഘം ദിവസേന സന്ദർശിക്കാനും എത്തിചേരാൻ പ്രയാസമുള്ള ക്യാമ്പുകൾക്കായി മൊബൈൽ ആശുപത്രി സംവിധാനം ഒരുക്കാനും മന്ത്രിമാർ നിർദേശിച്ചു.