കാറോടിച്ചത് താനെന്ന് സമ്മതിച്ച് ശ്രീറാം

Posted on: August 9, 2019 11:08 pm | Last updated: August 9, 2019 at 11:08 pm

തിരുവനന്തപുരം: സിറാജ് യൂനിറ്റ് ചീഫ് കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട സമയത്ത് താനാണ് കാർ ഓടിച്ചിരുന്നതെന്ന് സമ്മതിച്ച് ശ്രീറാം വെങ്കിട്ടരാമൻ. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് ശ്രീറാം വാഹനം ഡ്രൈവ് ചെയ്ത കാര്യം സമ്മതിച്ചത്. എന്നാൽ, താൻ അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് ഓർമയില്ലെന്നും അന്വേഷണ സംഘത്തിന് മൊഴി നൽകി. ശ്രീറാമിന്റെ വിരലടയാളവും അന്വേഷണ സംഘം ശേഖരിച്ചു. കൈക്ക് പരുക്ക് പറ്റിയതിനാൽ നേരത്തേ വിരലടയാളം എടുക്കാൻ ശ്രീറാം സമ്മതിച്ചിരുന്നില്ല.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന ശ്രീറാമിനെ അവിടെയെത്തിയാണ് നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.

കാറിൽ ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ശ്രീറാം അപകടസമയത്ത് മദ്യപിച്ചിരുന്നതായി വഫ ഫിറോസ് മൊഴി നൽകി. ശ്രീറാം വെങ്കിട്ടരാമൻ രാത്രി തനിക്കയച്ച വാട്‌സ് ആപ് സന്ദേശത്തെ തുടർന്നാണ് കാറുമായി കവടിയാറിൽ എത്തിയത്. ശ്രീറാമിനെ കാറിൽ കയറ്റിയ സമയത്ത് താനായിരുന്നു ഡ്രൈവിംഗ് സീറ്റിൽ. കാർ കുറച്ചു ദൂരം മുന്നോട്ട് പോയതോടെ വാഹമോടിക്കാമെന്ന് ശ്രീറാം പറഞ്ഞു. ശ്രീറാം വാഹനം ഓടിച്ച ശേഷം മിനുട്ടുകൾക്കുള്ളിൽ അപകടമുണ്ടാകുകയായിരുന്നുവെന്ന് വഫ മൊഴി നൽകി. അമിത വേഗത്തിലായിരുന്നു ശ്രീറാം കാർ ഓടിച്ചിരുന്നത്. അപകടമുണ്ടായ ശേഷം ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രീറാമും താനും ശ്രമം നടത്തിയിരുന്നതായും വഫ മൊഴി നൽകി.

വഫ താമസിക്കുന്ന പട്ടം മരപ്പാലത്തെ ഫ്ളാറ്റിലെത്തിയാണ് അന്വേഷണ സംഘം അവരെ ചോദ്യംചെയ്തത്.
കാറോടിച്ചത് ആരാണെന്ന കാര്യത്തിൽ ആശങ്കയുളവാക്കുന്ന വിവരങ്ങളാണ് ഹൈക്കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ ശ്രീറാമിന്റെ വിരലടയാളം കാറിൽ നിന്ന് കണ്ടെടുത്ത വിരലടയാളവുമായി ഒത്തുനോക്കിയാൽ ഇക്കാര്യത്തിലെ യാഥാർഥ്യം വെളിവാകും.