Kerala
ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 15 സെന്റ് വരെയുള്ള പട്ടയഭൂമിയിലെ 1500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള അനധികൃത കെട്ടിടങ്ങള്‍ക്കാണ് സാധുത നല്‍കുക. 1964ലെ ഭൂനിയമപ്രകാരം പതിച്ചു നല്‍കിയ പട്ടയ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ക്രമവല്‍ക്കരിക്കുക.
തീരുമാനം ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. അതേ സമയം 1500 സ്‌ക്വയര്ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാതെ നിയമനടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിധി ഉയര്‍ത്തിയാല്‍ തീരുമാനം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് 1500 സ്‌ക്വയര്‍ ഫീറ്റായി പരിമിതപ്പെടുത്തിയത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ തീരുമാനത്തെത്തുടര്‍ന്നാണിത്. 2010ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം. ജില്ലയിലെ കര്‍ഷകരും ചെറുകിട വ്യാപാരികളും ഏറെ നാളായി ആവശ്യപ്പെട്ടുവരുന്ന കാര്യമാണിത്.