International
വര്‍ണ വിവേചനത്തെ അപലപിച്ച് ട്രംപ്; പ്രസ്താവനയില്‍ തോക്ക് നിയന്ത്രണത്തെ കുറിച്ച് പരാമര്‍ശമില്ല

വാഷിംഗ്ടണ്‍: വര്‍ണ വിവേചനത്തെയും വംശീയതയെയും അപലപിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വര്‍ണ വെറിയോടെയുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും മാറ്റിവച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, അക്രമത്തിനു പ്രേരിപ്പിക്കുന്ന വീഡിയോ ഗെയിമുകളുടെ നിരോധനം, ആയുധ ഉപഭോഗത്തിലെ നിയന്ത്രണം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയില്‍ ഈയടുത്ത ദിവസമുണ്ടായ ഇരട്ട വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ നടത്തിയ തന്റെ ആദ്യ പൊതു പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
എന്നാല്‍, രാജ്യത്ത് തോക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വ്യക്തമാക്കി മണിക്കുറൂകള്‍ക്കു മുമ്പ് താന്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് അദ്ദേഹം നിശ്ശബ്ദത പാലിച്ചു. “വംശീയത, മതഭ്രാന്ത്, വര്‍ണ വിവേചനം തുടങ്ങിയവയെ രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കണം. വിദ്വേഷവും വെറുപ്പും മനസ്സുകളെ സങ്കുചിതമാക്കുകയും ഹൃദയത്തെ ശൂന്യമാക്കുകയും ആത്മാവിനെ നശിപ്പിക്കുകയും ചെയ്യുന്നു.”- വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിയുടെ സാന്നിധ്യത്തില്‍ ട്രംപ് പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യത്തില്‍ എല്‍ പാസോയിലും ഡെയ്റ്റണിലുമുണ്ടായ വെടിവെപ്പില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌പെയിനിന്റെ അധിനിവേശത്തിനും വംശീയ സമന്വയത്തിനും എതിരെയുള്ള തന്റെ പ്രതിഷേധമാണ് കൂട്ടക്കൊലയെന്ന് എല്‍ പാസോയിലെ കൊലയാളി പാട്രിക് ക്രൂസിയസ് ഓണ്‍ലൈന്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഡെയ്റ്റണില്‍ സ്വന്തം സഹോദരി ഉള്‍പ്പടെ ഒമ്പതുപേര്‍ കൊല്ലപ്പെടാനിടയായ വെടിവെപ്പ് നടത്തിയ കോണര്‍ ബെറ്റ്‌സിനെ പ്രകോപിപിച്ചത് എന്തായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ നിരവധി മെക്‌സിക്കന്‍ പൗരന്മാരും ഉള്‍പ്പെടും.
കൊലയാളിയുടെ കുറിപ്പിലെ ചില വാക്കുകള്‍, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിന് പിന്തുണയും ഫണ്ടും തേടുന്ന കാര്യം സജീവമായി പരിഗണിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചിട്ടുണ്ട്. വിദ്വേഷ കൊലകള്‍ക്കും കൂട്ടക്കൊലകള്‍ക്കും വധശിക്ഷ നല്‍കുന്ന നിയമം നിര്‍മിക്കാന്‍ നീതിന്യായ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.