International
മേഖല സംഘര്‍ഷഭരിതം; മൂന്നാമതൊരു വിദേശ കപ്പല്‍കൂടി ഇറാന്‍ പിടിച്ചെടുത്തു

ടെഹ്‌റാന്‍: മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കിക്കൊണ്ട് ഒരു വിദേശ കപ്പല്‍കൂടി ഇറാന്‍ പിടിച്ചെടുത്തു. ഒരു മാസത്തിനിടെ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഇറാന്‍ പിടികൂടുന്ന മൂന്നാമത്തെ കപ്പലാണിത്. കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തു. ഇവരില്‍ ഇന്ത്യക്കാരുണ്ടോയെന്നതില്‍ വ്യക്തതയില്ല. ബുധനാഴ്ച രാത്രിയാണ് കപ്പല്‍ പിടിച്ചെടുത്തത്. ഹോര്‍മുസ് കടലിടുക്കിനു വടക്കായി ഫര്‍സി ദ്വീപിനു സമീപത്തു നിന്നാണ് എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് കപ്പല്‍ പിടിച്ചെടുത്തത്.
ഇറാനെതിരെ രാജ്യാന്തര തലത്തില്‍ യുഎസിന്റെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് മൂന്നാമത്തെ കപ്പലും പിടിച്ചെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മുതല്‍ പലപ്പോഴായി ഹോര്‍മുസ് കടലിടുക്കില്‍ വിദേശ കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. യുഎസിന്റെ ഡ്രോണ്‍ ഇറാന്‍ തകര്‍ത്ത സംഭവവുമുണ്ടായി. അതിനിടെ ഇറാന്റെ കപ്പല്‍ ജിബ്രാള്‍ട്ടറിനു സമീപം ബ്രിട്ടന്‍ പിടിച്ചെടുത്തു. സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതോടെയാണ് വിദേശ കപ്പലുകള്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ആരംഭിച്ചത്. ഉപരോധത്തെത്തുടര്‍ന്ന് ഇറാന്റെ എണ്ണ കയറ്റുമതി ഭാഗികമായി നിലച്ച അവസ്ഥയിലാണ്.