Connect with us

Kozhikode

നഷ്ടമായത് പ്രതിഭാശാലിയായ മാധ്യമപ്രവര്‍ത്തകനെ: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: പ്രതിഭാശാലിയായ മാധ്യമ പ്രവര്‍ത്തകനെയാണ് കെ എം ബഷീറിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സിറാജ് ദിനപത്രത്തിന്റെ നട്ടെല്ലായിരുന്നു കെ എം ബഷീറെന്ന് കാന്തപുരം അനുസ്മരിച്ചു. കെ എം ബഷീറിന്റെ മരണത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കാന്തപുരം അറിയിച്ചു.

എല്ലായ്‌പ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി എത്തുന്ന, വിശ്രമമെടുക്കാതെ ജോലി ചെയ്തിരുന്ന പ്രതിഭായായിരുന്നു ബഷീറെന്ന് കാന്തപുരം അനുശോചനക്കുറിപ്പില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തിന്റെ നൈതികത എല്ലായ്‌പ്പോഴും കാത്തുസൂക്ഷിച്ച് വിനയവും സൗമ്യതയും കൈമുതലാക്കിയ വ്യക്തിയിരുന്നു അദ്ധേഹമെന്ന് മര്‍കസ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ ബഷീറിനെ കാന്തപുരം സ്മരിച്ചു. ഹജ്ജ് കര്‍മങ്ങള്‍ക്കായി മദീനയിലുള്ള കാന്തപുരം ബഷീറിനായി പ്രത്യേകം പ്രാര്‍ഥിച്ചു. എല്ലാവരോടും പ്രാര്‍ഥന നടത്തുവാനും ജനാസ നിസ്‌കാരത്തില്‍ പങ്കെടുക്കുവാനും കാന്തപുരം അഭ്യര്‍ഥിച്ചു.

പൂര്‍ണ രൂപം:

സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ വിടപറഞ്ഞു. സിറാജ് ദിനപത്രത്തതിന്റെ നട്ടെല്ലായിരുന്നു. ബഷീറിന്റെ കുട്ടിക്കാലം മുതലേ എനിക്കദ്ദേഹത്തെ അറിയാമായിരുന്നു. എന്റെ ആത്മീയ ഗുരുവും മര്‍കസിന്റെ നേതൃത്വുവുമായിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനാണ് ബഷീര്‍. മര്‍കസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. വിനയവും സൗമ്യതയും കൈമുതലാക്കിയ, എല്ലായ്‌പ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി എത്തുന്ന, വിശ്രമം എടുക്കാതെ ജോലി ചെയ്തിരുന്ന പ്രതിഭയായിരുന്നു ബഷീര്‍. ദീര്‍ഘകാലമായി തിരുവനന്തപുരത്തെ സിറാജ് ബ്യൂറോ ചീഫാണ്. തലസ്ഥാനത്തെ പ്രധാന വിശേഷങ്ങളും നിയമസഭാ വാര്‍ത്തകളും എല്ലാം ഏറ്റവും ഭംഗിയായി ബഷീര്‍ സിറാജിനായി റിപ്പോര്‍ട്ട് ചെയ്തു. പത്രപ്രവര്‍ത്തനത്തിന്റെ നൈതികത എല്ലായ്‌പ്പോഴും കാത്തുസൂക്ഷിച്ചു. തിരുവനന്തപുരത്ത് എന്ത് പരിപാടിക്ക് ചെന്നാലും ബഷീറിന്റ സാന്നിധ്യം അവിടെ കാണും. വാര്‍ത്തയും മറ്റും തയ്യാറാക്കി സിറാജിനു മാത്രമല്ല, എല്ലാ പത്രങ്ങള്‍ക്കും കൈമാറും. ഒരു പതിറ്റാണ്ടിലധികമായി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സുന്നി സമ്മേളനങ്ങളും, മര്‍കസ് സമ്മേളനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സിറാജ് മാനേജ്മെന്റ് നിയോഗിക്കുന്ന മാധ്യമസംഘത്തിന്റെ ചീഫായി ഉണ്ടാവാറ് അദ്ദേഹമാണ്. മനോഹരവും അര്‍ത്ഥവത്തുമായ ഫീച്ചറുകളും സ്റ്റോറികളും തലക്കെട്ടുകളും നല്‍കി ഓരോ സമ്മേളനത്തെയും ജനമധ്യത്തിലെത്തിക്കുന്നതില്‍ വലിയ പങ്കുണ്ടായിരുന്നു അദ്ദേഹത്തിന്.

കൊല്ലത്ത് സിറാജ് പ്രൊമോഷന്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞു യാത്രചെയ്തു വീടിനരികിലെത്തി വാഹനം റോഡരികില്‍ നിറുത്തിയപ്പോഴാണ് അമിതവേഗത്തില്‍ വന്ന കാറിടിച്ചു പ്രിയപ്പെട്ട ബശീര്‍ വിടപറഞ്ഞത്. ഹജ്ജിനായി മദീനയിലാണ് ഉള്ളത് . ആലിമീങ്ങളുടെ കൂടെ റസൂലിന്റെ(സ്വ) ചാരത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു അദ്ദേഹം ചെയ്ത സല്‍പ്രവര്‍ത്തികളുടെ ഫലമായി സ്വര്‍ഗീയ ജീവിതം നല്‍കട്ടെ. എല്ലാവരും ബഷീറിനായി പ്രാര്‍ത്ഥിക്കണം. രാത്രി 9 മണിയോടെ തിരൂരിലെ വാണിയന്നൂരിലുള്ള വീട്ടില്‍ ജനാസ എത്തുമെന്നാണ് വിവരം. സാധിക്കുന്ന പ്രവര്‍ത്തകരെല്ലാം ജനാസ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.