ബാബരി കേസ്: ചര്‍ച്ചകള്‍ ഫലവത്തായില്ല; ആഗസ്റ്റ് ആറ് മുതല്‍ വാദം തുടങ്ങുമെന്ന് സുപ്രീം കോടതി

Posted on: August 2, 2019 3:10 pm | Last updated: August 2, 2019 at 9:18 pm

ന്യൂഡല്‍ഹി: ബാബരി കേസുകളില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ തര്‍ക്ക പരിഹാര അപ്പീലുകളില്‍ ഭരണഘടനാ ബെഞ്ച് ആഗസ്റ്റ് ആറു മുതല്‍ ദിവസവും വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

റിട്ട.ജസ്റ്റിസ് എഫ് എം. ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതി മധ്യസ്ഥ ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച സുപ്രീം കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. 155 ദിവസം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായം ഉണ്ടാക്കാനായിന്ന് സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളക്ക് പുറമെ ശ്രീ ശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുള്‍പ്പെട്ട മധ്യസ്ഥ സമിതിയെ കഴിഞ്ഞ മാര്‍ച്ച് 8നാണു സുപ്രീം കോടതി മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചത്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ മധ്യസ്ഥശ്രമം നടത്താനുള്ള സൗകര്യം ഒരുക്കാനും കോടതി നിര്‍ദേശിച്ചു. മധ്യസ്ഥതക്ക് എട്ടാഴ്ച സമയം അനുവദിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. ഓഗസ്റ്റ് 15 വരെയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സുപ്രീം കോടതി സമയം അനുവദിച്ചത്.

ജൂലൈ 18ന് അതുവരെയുള്ള മധ്യസ്ഥ ചര്‍ച്ചകയളുടെ റിപ്പോര്‍ട്ട് പരിഗണിക്കവെ കേസുകള്‍ ഉടന്‍ വാദത്തിനെടുക്കണോയെന്ന് ഓഗസ്റ്റ് 2ന് തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ കേസുകള്‍ വാദത്തിനെടുക്കണമെന്നു ഹര്‍ജിക്കാരിലൊരാളായ ഗോപാല്‍ സിങ് വിശാരദ് നല്‍കിയ അപേക്ഷ പരിഗണിക്കവെയായിരുന്നു കോടതയുടെ പരാമര്‍ശം.