മുഈനലിക്ക് പിന്നാലെ വഹാബിനെതിരെ സിറാജ് സേഠും; യൂത്ത്‌ലീഗ് നേതൃയോഗത്തിലും കടുത്ത വിമര്‍ശനം

Posted on: August 1, 2019 9:31 pm | Last updated: August 2, 2019 at 11:16 am

കോഴിക്കോട്: രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത പി വി അബ്ദുല്‍ വഹാബ് എം പിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലിമെന്റിന് പുറത്ത് മുസ്ലിം ലീഗ് ഏറെ ചര്‍ച്ചയാക്കുന്ന വിഷയങ്ങള്‍ സഭക്ക് അകത്ത് ഉന്നയിക്കുന്നതില്‍ എം പിമാര്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നത് ഇനിയും അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. ഇന്ന് ചേര്‍ന്ന യൂത്ത്‌ലീഗ് നേതൃയോഗത്തില്‍ മുത്തലാഖ് ചര്‍ച്ചയില്‍ എത്താതിരുന്ന വഹാബിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

ന്യൂനപക്ഷങ്ങളെ ഏറെ ബാധിക്കുന്ന ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എം പി സഭയില്‍ വേണ്ടിയിരുന്നു. എം പിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പാര്‍ട്ടിക്ക് സമുദായത്തിനുള്ളിലും സമൂഹത്തിലും അവമതിപ്പുണ്ടാക്കി. ഇത്തരം വീഴ്ചകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള ഇടപടെല്‍ വേണമെന്നും യൂത്ത്‌ലീഗ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. യോഗത്തിന്റെ പൊതുവികാരം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ അറിയിക്കുമെന്ന് യൂത്ത്‌ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ വഹാബിന്റെ നിലപാടിനെ വിമര്‍ശിച്ച് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേഠും രംഗത്തെത്തി. എന്തുകൊണ്ട് സഭയിലെത്തിയില്ലെന്ന് വഹാബിനോട് പാര്‍ട്ടി വിശദീകരണം തേടും. പാര്‍ട്ടി എം പിമാരുടെ പാര്‍ലിമെന്റിലെ പ്രകടനം പ്രവര്‍ത്തകരും ജനങ്ങളും കാണുന്നുണ്ടെന്നും സിറാജ് സേഠ് പ്രതികരിച്ചു.

പാര്‍ട്ടിയും സമുദായവും ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്തവര്‍ രാജിവെച്ച് പോകണമെന്ന് യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമുഹ മാധ്യമങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇതിനിടെ വഹാബന്റെ രാജ്യസഭയിലെ മോശം ഹാജര്‍ നില സംബന്ധിച്ച വാര്‍ത്കളും പുറത്തുവന്നിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ലീഗ് എം പിമാരുടെ പാര്‍ലിമെന്റിലെ ഇടപെടല്‍ വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ വിചാരണ ചെയ്യപ്പെടുകയാണ്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇതുവരെ ഔദ്യോഗികമായി വിഷയത്തില്‍ ഒരു പ്രതികരണം നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.