Connect with us

Gulf

അടിസ്ഥാന സൗകര്യ വികസനം: ഇന്ത്യയും ഡി ഐ എഫ് സിയും തമ്മില്‍ ധാരണ

Published

|

Last Updated

ദുബൈ: സംയുക്ത പദ്ധതികള്‍ക്കു രൂപം നല്‍കാന്‍ ഇന്ത്യയും ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററും (ഡി ഐ എഫ് സി) തമ്മില്‍ ധാരണ. അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണം, വാഹന നിര്‍മാണം, നൂതന സാങ്കേതിക വിദ്യകളുടെ വികസനം, എണ്ണ-വാതകം തുടങ്ങിയ മേഖലകളിലാണ് സഹകരണം.

മുഖ്യമായും മഹാരാഷ്ട്രയിലെ സംരംഭകരുമായാണ് പദ്ധതികള്‍. ഇതിന്റെ ഭാഗമായി ഡിഐഎഫ്‌സി ഗവര്‍ണര്‍ ഈസാ കാസിം, ഡിഐഎഫ്‌സി അതോറിറ്റി സി ഇ ഒ ആരിഫ് അമിരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുംബൈയില്‍ വിവിധ സംരംഭകരുമായി കൂടിക്കാഴ്ച നടത്തി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കം കുറിച്ചു രാജ്യാന്തര വിപണിയില്‍ മുന്നേറ്റം നടത്താനുള്ള സമഗ്ര പദ്ധതികള്‍ക്കുള്ള സുപ്രധാന ധാരണാപത്രത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ഒപ്പുവച്ചു.

യുഎഇ മുഖ്യാതിഥിയായി പങ്കെടുത്ത 25ാമത് പങ്കാളിത്ത ഉച്ചകോടി ജനുവരിയില്‍ മുംബൈയിലാണ് നടന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് സംയുക്ത സംരംഭങ്ങള്‍ക്കും മറ്റും തുടക്കം കുറിക്കുന്നത്. കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് യുഎഇയില്‍ അവസരമൊരുക്കുന്നതിനൊപ്പം ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ യുഎഇ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. സഊദിയും യു എ ഇയും ചേര്‍ന്ന് മഹാരാഷ്ട്ര രത്‌നഗിരിയില്‍ 4400 കോടി ഡോളറിന്റെ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ പദ്ധതി തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയുമായുള്ള പങ്കാളിത്തം വൈജ്ഞാനിക മികവിലടക്കം ഒട്ടേറെ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ആരിഫ് അമിരി പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഭാവിയിലെ സ്മാര്‍ട് പദ്ധതികള്‍ക്കു രൂപം നല്‍കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 9 സ്റ്റാര്‍ട്ടപ്പുകളുമായി കൈകോര്‍ക്കാന്‍ ദുബൈ പോലീസ്, ആര്‍ ടി എ, ടെലികോം കമ്പനിയായ ഇത്തിസലാത്ത് എന്നിവ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണിത്. നിര്‍മിതബുദ്ധി, വാര്‍ത്താവിനിമയം, ഗതാഗതം, ഉപഭോക്തൃ സേവനം, ഡിജിറ്റൈസേഷന്‍ തുടങ്ങിയ മേഖലകളിലെ ഭാവിപദ്ധതികള്‍ക്കാണ് രൂപം നല്‍കുക.

 

Latest