Connect with us

Kerala

സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ വേഗത്തിലാക്കും; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോഗതിക്ക് വിപ്ലവകരമായ മാറ്റം വരുത്തുന്ന പല പദ്ധതികളുടെയും ഇപ്പോഴത്തെഅവസ്ഥ മനസ്സിലാക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സെക്രട്ടറിമാരും വകുപ്പുകളും ശ്രദ്ധിക്കണം. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തിലും സെക്രട്ടറി തലത്തിലും നിശ്ചിത ഇടവേളകളില്‍ അവലോകനം നടക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശബരിമല മാസ്റ്റര്‍പ്ലാന്‍, ഓഖി പുനരധിവാസ പദ്ധതികള്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ഇടമണ്‍ കൊച്ചി വൈദ്യുതിലൈന്‍, ഗെയില്‍ പൈപ്പ്‌ലൈന്‍, കോവളം ബേക്കല്‍ ജലപാത, ലൈഫ് മിഷന്‍ എന്നിവയുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഏറെക്കുറെ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, ഇരവഴിഞ്ഞി, കുറ്റ്യാടി പുഴകളിലും കാസര്‍കോട് ചന്ദ്രഗിരിയിലും പൈപ്പ് സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്.

സിറ്റിഗ്യാസ് പദ്ധതിയുടെ പ്രവൃത്തികള്‍ കൂടി വേഗതയില്‍ പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്ധനം ലഭിക്കുന്ന പദ്ധതിയാണിത്. സംസ്ഥാനം മുന്‍കൈയെടുത്ത് ആവശ്യമായ പരിശോധനങ്ങള്‍ നടത്തി പദ്ധതി വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. വയനാട്ടിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് രണ്ടു മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം.

ശബരിമല മാസ്റ്റര്‍പ്ലാനില്‍ 63.5 ഏക്കര്‍ ഭൂമിയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ ആദ്യം തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. റോപ്വേ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന നടത്തുന്നതിനുള്ള നടപടി ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. ട്രാക്ടറിനുവേണ്ടിയുള്ള പുതിയ പാത സംബന്ധിച്ചും ഉടന്‍ തീരുമാനമെടുക്കും.

ലൈഫ് മിഷന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. പ്രവൃത്തി പൂര്‍ത്തിയാക്കാനാകാത്ത ചുരുക്കം വീടുകള്‍ സംബന്ധിച്ച് പ്രത്യേകമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
രണ്ടാം ഘട്ടത്തിലെ ഭൂമിയുള്ള ഭവനരഹതര്‍ക്കുള്ള വീടു നിര്‍മാണം 2019 ഓടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഭൂരഹിത ഭവനരഹിതര്‍ക്ക് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള മൂന്നാം ഘട്ടവും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അടിമാലിയില്‍ ഫ്‌ളാറ്റ് പൂര്‍ത്തിയായി 163 ഗുണഭോക്താക്കള്‍ താമസം ആരംഭിച്ചു. ഇവിടെ 47 ഫ്‌ളാറ്റുകള്‍ കൂടി ഒഴിവുണ്ട്. ഈ വര്‍ഷം 85 കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കും. 1208 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

ഓഖി പുനരധിവാസ പദ്ധതിയുടെ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി.കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള നാവിക് സംവിധാനം കരയിലേക്ക് സന്ദേശം അയയ്ക്കാനാവുന്നവിധം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. സാറ്റലൈറ്റ് ഫോണുകള്‍ ലഭിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ നല്‍കേണ്ട വിഹിതം ആയിരം രൂപയായി കുറക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest