Connect with us

National

മുത്വലാഖ് ബില്‍ പാസായതിനെ ചൊല്ലി ട്വിറ്ററില്‍ മെഹ്ബൂബ-ഉമര്‍ വാഗ്വാദം

Published

|

Last Updated

ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ പാര്‍ലിമെന്റ് പാസാക്കിയതുമായി ബന്ധപ്പെട്ട് പി ഡി പി തലവന്‍ മെഹ്ബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും തമ്മില്‍ ട്വിറ്റര്‍ വിവാദം. വോട്ടെടുപ്പില്‍ നിന്ന് പി ഡി പി നേതാക്കള്‍ വിട്ടുനിന്നത് ബില്‍ പാസാക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം നേടാന്‍ സര്‍ക്കാറിനെ സഹായിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ആരോപിച്ചു.

ബില്ല് രാജ്യസഭയില്‍ പാസായ ഉടനെ മുഫ്തി ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു: “മുത്വലാഖ് ബില്‍ പാസാക്കിയതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. സുപ്രീം കോടതി ബില്‍ നിയമവിരുദ്ധമാണെന്നു മുമ്പു തന്നെ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നിലവിലെ സ്ഥിതി എടുക്കുകയാണെങ്കില്‍ ഇതിനാണോ ഇപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ടത്? മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കുക മാത്രമാണ് സര്‍ക്കാറിന്റെ അനാവശ്യമായ ഇടപെടലിന്റെ ഉദ്ദേശ്യമെന്നാണ് മനസ്സിലാകുന്നത്.”

പോസ്റ്റില്‍ അസംതൃപ്തി പ്രകടിപ്പിക്കുന്നതായിരുന്നു ഉമറിന്റെ പ്രതികരണം. “മെഹ്ബൂബ മുഫ്തി ജീ, ബില്ലിന്റെ വോട്ടെടുപ്പില്‍ താങ്കളുടെ പാര്‍ട്ടി അംഗങ്ങള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് ഇത്തരമൊരു ട്വീറ്റിനു മുമ്പ് പരിശോധിക്കേണ്ടതായിരുന്നു. അവര്‍ വിട്ടുനിന്നതാണ് ബില്‍ പാസാക്കാന്‍ സര്‍ക്കാറിനെ സഹായിച്ചത്. താങ്കള്‍ക്ക് സര്‍ക്കാറിനെ സഹായിക്കാന്‍ സാധിക്കുമായിരുന്നില്ലെങ്കില്‍ ബില്‍ പാസാക്കുന്നതെന്തിനാണെന്ന് മനസ്സിലായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിന്റെ ഔചിത്യമെന്താണ്?” 1999ലെ വിശ്വാസ വോട്ടെടുപ്പില്‍ ബി ജെ പിക്കെതിരെ വോട്ട് ചെയ്ത സെയ്ഫുദ്ദീന്‍ സോസ് സാഹബിനെ പുറത്താക്കിയത് താങ്കളുടെ പാര്‍ട്ടിയായിരുന്നില്ലേയെന്നും നിങ്ങള്‍ അത്ര വലിയ ധാര്‍മിക വക്താവ് ചമയേണ്ടെന്നും മെഹ്ബൂബ തിരിച്ചടിച്ചു.

ഉടന്‍ തന്നെ ഉമറിന്റെ പ്രതികരണമെത്തി. പി ഡി പിയുടെ ഇരട്ടത്താപ്പിനെ ന്യായീകരിക്കാന്‍ ഇരുപത് വര്‍ഷം മുമ്പു നടന്ന കാര്യം എടുത്തു പറയുകയാണോയെന്നും വോട്ടെടുപ്പില്‍ നിന്ന് എം പിമാരോട് മാറിനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയത് നിങ്ങള്‍ തന്നെയാണെന്ന് ഇതിലൂടെ നിങ്ങള്‍ തന്നെ സമ്മതിക്കുകയാണെന്നും ഉമര്‍ പറഞ്ഞു.

ഇന്നലെയാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെ നടന്ന വോട്ടെടുപ്പിലും സര്‍ക്കാരിന് അനുകൂലമായാണു കാര്യങ്ങള്‍ നടന്നത്. 99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേര്‍ എതിര്‍ത്തു. പി ഡി പിക്കു പുറമെ എ ഐ ഡി എം കെ, ജെ ഡി യു, ബി എസ് പി, ടി ആര്‍ എസ്, ടി ഡി പി പാര്‍ട്ടി അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.