വെറുപ്പിന്റെ രാഷ്ട്രീയം ആരോടുമില്ല: ശ്രീധരന്‍പിള്ള

Posted on: July 30, 2019 2:14 pm | Last updated: July 30, 2019 at 2:14 pm

കോഴിക്കോട്: വെറുപ്പിന്റെ രാഷ്ട്രീയം ആരോടുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍പിള്ള. അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണ്. അടൂര്‍ വിഷയം വിവാദമാക്കി അജന്‍ഡ സൃഷ്ടിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ദോ എബ്രഹാം എം എല്‍ എക്കെതിരായ പോലീസ് നടപടിയില്‍ പിണറായിയും കാനവും നടത്തുന്നത് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ്. ക്രമസമാധാന നില ഏറ്റവും തകര്‍ന്ന സംസ്ഥാനമായി കേരളം മാറി.
ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാറിനേറ്റ തിരിച്ചടിയാണ്. ഇത് കേരളത്തിനാകെ അപമാനകരമാണെന്നും കേരള സര്‍ക്കാര്‍ വിധി അംഗീകരിക്കാന്‍ തയ്യാറാകണം. കേസ് നടത്തി ജനങ്ങളുടെ നികുതിപ്പണം പാഴാക്കരുതെന്നും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു.

യൂണിവേഴ്‌സിറ്റി കോളജ് സമരം പിന്‍വലിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. കേരളത്തില്‍ ബി ജെ പി അംഗസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.