മോഹന്‍ലാലിനെതിരെ ആനക്കൊമ്പ് കേസ് തീര്‍പ്പാക്കാന്‍ വൈകുന്നതെന്തെന്ന് ഹൈക്കോടതി

Posted on: July 29, 2019 3:18 pm | Last updated: July 29, 2019 at 3:18 pm

കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വൈകുന്നതിന് പിന്നിലെ കാരണം തിരക്കി ഹൈക്കോടതി. 2012ല്‍ വനം വകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ തീര്‍പ്പ് കല്‍പിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ പുതുതായി ആരെയും കക്ഷി ചേരാന്‍ കോടതി അനുവദിച്ചില്ല. കേസ് നടക്കുന്ന മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഹൈക്കോടതി കേസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ വ്യക്തമാക്കിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.