Connect with us

Kerala

ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി ജി പി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
കാരണം പറയാതെ സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നല്‍കിയ ഹരജിയിലാണ് നടപടി. അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നും ട്രൈബ്യൂണല്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണ്. സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടുപോകുന്നത് ന്യായീകരിക്കാനാകില്ലെന്നും ട്രൈബ്യൂണല്‍ പറഞ്ഞു.

വിവിധ വിഷയങ്ങളില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഓഖി ദുരന്ത വിഷയത്തിലടക്കം സര്‍ക്കാറിനെ വിമര്‍ശിച്ച അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വ്വീസില്‍ നിന്ന് പുറത്തിരിക്കുകയാണ്. അദ്ദേഹത്തിനെതിരായ വിജിലന്‍സ് അന്വേഷണം നിലവിലുണ്ട്. സര്‍ക്കാറിനെ വിമര്‍ശിച്ച് നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. കൂടാതെ അടുത്തിടെയായി ആര്‍ എസ് എസ് അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകളുമായി അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ആര്‍ എസ് എസുമായി തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന് അദ്ദേഹം പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുട്ടിയില്‍ നിന്ന് മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും കേസ് അന്വേഷണം നടക്കുന്നതിനാല്‍ മത്സരിക്കാന്‍ അനുമതി ലഭിച്ചില്ല.

സര്‍വ്വീസില്‍ തിരിച്ച് കയറുന്ന വിഷയത്തില്‍ ഇനി ജേക്കബ് തോമസാണ് നിലപാട് എടുക്കേണ്ടത്.
അഴിമതിക്കെതിരായ ശബ്ദം നിലച്ചിട്ടില്ലെന്നാണ് വിധിന്യാത്തിലൂടെ തെളിഞ്ഞതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.