വൈറ്റില പാലം: ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍

Posted on: July 28, 2019 7:40 pm | Last updated: July 29, 2019 at 10:35 am

കൊച്ചി: വൈറ്റില പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി കെ ഷൈലാ മോളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലം നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നെന്ന് ഇവര്‍ നല്‍കിയ രണ്ടാം ഘട്ട പരിശോധന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സ്വതന്ത്ര ഏജന്‍സിയുടെ മൂന്നാം ഘട്ട പരിശോധനയില്‍ നിര്‍മാണത്തില്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഓഫ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയത് ക്രമ വിരുദ്ധമാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം സര്‍ക്കാറിനെ വെട്ടിലാക്കിയിരുന്നു