എന്‍ ഐ എ, യു എ പി എ ഭേദഗതി ബില്ലുകളെ എതിര്‍ത്തത് മുസ്‌ലിം എംപിമാര്‍ മാത്രം; നിരാശയുണ്ടെന്ന് ഉവൈസി

Posted on: July 28, 2019 2:37 pm | Last updated: July 28, 2019 at 2:37 pm

ഡല്‍ഹി: എന്‍ ഐ എ, യു എ പി എ ഭേദഗതി ബില്ലുകളെ എതിര്‍ത്ത് പാര്‍ലമെന്റില്‍ വോട്ട് ചെയ്തത് മുസ്‌ലിം എം പിമാര്‍ മാത്രമെന്നും ഇക്കാര്യത്തില്‍ നിരാശയുണ്ടെന്നും എ ഐ എം ഐ എം നേതാവും എം പിയുമായ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ഈ പ്രവണത ഗൗരവമുള്ള വിഷയമാണെന്നും എല്ലാ പാര്‍ട്ടിക്കാരും ഇക്കാര്യം പരിഗണയില്‍ കൊണ്ടു വരണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന ബില്ലിനെ താന്‍ ശക്തമായി എതിര്‍ത്തു. യു എ പി എ എന്ന കാടത്ത നിയമം കൊണ്ടുവന്നതിന് കോണ്‍ഗ്രസ് സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. സെക്കുലര്‍ എന്ന പദമുപയോഗിക്കുമെങ്കിലും മുസ്ലിംകളെ തരം താഴ്ത്താന്‍ കോണ്‍ഗ്രസ് പങ്കുചേര്‍ന്നെന്നും ഉവൈസി പറഞ്ഞു. അവര്‍ മാത്രമാണ് ഇതിനു ഉത്തരവാദികളെന്നും അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസും ബിജെപിയെപോലെ പെരുമാറുമെന്നും ഉവൈസി കുറ്റപ്പെടുത്തി. എന്‍ഐഎ, യുപിഎ നിയമങ്ങളുടെ നിര്‍മാതാക്കള്‍ കോണ്‍ഗ്രസാണെന്നും അധികാരം നഷ്ടപ്പെട്ടപ്പോള്‍ മുസ്ലിംകളുടെ ബിഗ് ബ്രദറായി ചമയുകയാണവരെന്നും ഉവൈസി ആരോപിച്ചു.

നിയമത്തിന്റെ പേരില്‍ നിരപരാതികള്‍ കഷ്ടപ്പെടുമ്പോള്‍ ഫിദല്‍ കാസ്‌ട്രോ പറഞ്ഞതു പോലെ ചരിത്രം എനിക്ക് മാപ്പു നല്‍കുമെന്നും ഉവൈസി പറഞ്ഞു.

ലോക്‌സഭയില്‍ വോട്ടിനിട്ട യു എ പി എ ബില്‍ ഏഴിനെതിരെ 287 വോട്ടുകള്‍ക്കാണ് പാസായത്. എതിര്‍ത്ത് വോട്ട് ചെയ്തത് മുസ്ലിം എംപിമാര്‍ മാത്രമായിരുന്നു. എ ഐ എം ഐ എം, ബി എസ് പി യിലെ ഒരു എംപി, മുസ്ലിം ലീഗ് എംപിമാര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.