ആർച്ചർ ആഷസിന്

Posted on: July 28, 2019 7:47 am | Last updated: July 28, 2019 at 1:49 pm

ലണ്ടൻ: ആസ്‌ത്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ടീമിൽ പേസ് ബൗളർ ജോഫ്ര ആർച്ചർ ഇടംപിടിച്ചു. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച ആർച്ചർ ഇതാദ്യമായാണ് ടെസ്റ്റ് തൊപ്പിയണിയുന്നത്.

എന്നാൽ, ലോകകപ്പിനിടെയുണ്ടായ പരുക്കിൽ നിന്ന് സുഖം പ്രാപിച്ചുവരുന്ന ആർച്ചർ ആദ്യ ടെസ്റ്റ് കളിക്കുമോയെന്ന് ഉറപ്പില്ല. എങ്കിലും ആർച്ചറിന്റെ വേഗവും ആക്രമണോത്സുകതയും ആസ്‌ത്രേലിയക്കെതിരെ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് സെലക്ടർമാരുടെ വിശ്വാസം. അയർലാൻഡിനെതിരായ ടെസ്റ്റിൽ വിശ്രമം അനുവദിച്ചിരുന്ന ആൾറൗണ്ടർ ബെൻ സ്റ്റോക്‌സും ബാറ്റ്‌സ്മാൻ ജോസ് ബട്‌ലറും മടങ്ങിയെത്തി. പേസർ ജെയിംസ് ആൻഡേഴ്‌സണും തിരിച്ചെത്തിയിട്ടുണ്ട് അയർലാൻഡിനെതിരായ ടെസ്റ്റിൽ മാൻ ഓഫ് ദ മാച്ചായ ഇടം കൈയൻ സ്പിന്നർ ജാക്ക് ലീക്കിനെ ടീമലിൽ ഉൾപ്പെടുത്തിയിട്ടില്ല. മോയിൻ അലി ഏക സ്പിന്നർ. ബെൻ സ്റ്റോക്കാണ് വൈസ് ക്യാപ്റ്റൻ. അയർലൻഡിനെതിരായ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ജേസൺ റോയ് ടീമിലെ സ്ഥാനം നിലനിർത്തി.

ടെസ്റ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള ആൻഡേസൺ പരുക്കിനെ തുടർന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്നു. 148 മത്സരങ്ങളിൽ നിന്ന് 575 വിക്കറ്റാണ് താരം സ്വന്തം പേരിലാക്കിയത്. ആൻഡേഴ്‌സൺ അടക്കം അഞ്ച് പേസർമാരാണ് ടീമിലുള്ളത്. യുവ പേസർ ഓലി സ്‌റ്റോണും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. എഡ്ജ്ബാസ്റ്റണിൽ ആഗസ്റ്റ് ഒന്നിനാണ് ആദ്യ ടെസ്റ്റ്.

ടീം: ജോ റൂട്ട്,മോയിൻ അലി, ജെയിംസ് ആൻഡേഴ്‌സൺ, ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്‌ലർ, സാം കുറാൻ, ജോ ഡെൻലി, ജേസൺ റോയി, ബെൻ സ്‌റ്റോക്‌സ്, ഒല്ലി സ്‌റ്റോൺ, ക്രിസ് വോക്‌സ്.