വിരമിക്കൽ തീരുമാനം: ആമിറിനെ വിമർശിച്ച് മുൻ പാക് താരങ്ങൾ

Posted on: July 28, 2019 1:46 pm | Last updated: July 28, 2019 at 1:46 pm

കാറാച്ചി: 27ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച പാക് പേസർ മുഹമ്മദ് ആമിറിനെ വിമർശിച്ച് മുൻ താരങ്ങളായ വസീം അക്രവും ഷോയിബ് അക്തറും രംഗത്ത്. ആമീർ ടെസ്റ്റിൽ നിന്ന് വിരമിച്ചത് അതിശയിപ്പിച്ചെന്നും 27-28 വയസ്സ് എന്നത് ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ഉയർച്ചയുടെ കാലമാണെന്നും വസീം അക്രം പറഞ്ഞു. ആസ്ത്രേലിയക്കും ഇംഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരന്പരയിൽ പാക്കിസ്ഥാന് താങ്കളെ ആവശ്യമുണ്ടെന്ന് അക്രം ട്വീറ്റ് ചെയ്തു.

ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് മത്സരങ്ങളാണ് പ്രധാനമെന്നും വിരമിക്കൽ തീരുമാനത്തിന് ആമിർ വലിയ വില നൽകേണ്ടി വരുമെന്നും പാക് മുൻ പേസർ ശുഐബ് അക്തർ പ്രതികരിച്ചു. ഒരു ടീം വലയുന്ന ഘട്ടത്തിൽ ആ ടീമിനെ ജയിപ്പിക്കാൻ ആമിറിനെ പോലെ ഒരു താരത്തിന് തീർച്ചയായും ചുമതലയുണ്ടെന്ന് അക്തർ തന്റെ യു ട്യൂബ് ചാനലിൽ പറഞ്ഞു.

27ാം വയസ്സിൽ ആമിർ ടെസ്റ്റിൽ വിരമിക്കുന്നതിൽ നിരാശയുണ്ടെന്ന് മുൻ ക്യാപ്റ്റനും ഓപണറുമായ റമീസ് രാജ പറഞ്ഞു. മുൻ പേസർ വഖാർ യൂനിസും ആമിറിന്റെ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്.