ഝാര്‍ഖണ്ഡില്‍ മുസ്‌ലിം എം എല്‍ എയെ ജയ് ശ്രീറാം മുഴക്കാന്‍ നിര്‍ബന്ധിച്ച് മന്ത്രി

Posted on: July 26, 2019 10:41 pm | Last updated: July 27, 2019 at 10:32 am

റാഞ്ചി: ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസുകാരനായ മുസ്‌ലിം എം എല്‍ എയെ ജയ് ശ്രീറാം വിളിക്കാന്‍ മന്ത്രി നിര്‍ബന്ധിച്ചത് വിവാദമായി. നഗര വികസന വകുപ്പു മന്ത്രി സി പി സിംഗാണ് എം എല്‍ എ. ഇര്‍ഫാന്‍ അന്‍സാരിയെ ജയ് ശ്രീറാം മുഴക്കാന്‍ നിര്‍ബന്ധിച്ചത്. നിയമസഭക്കു പുറത്ത് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന സംഭവത്തിന്റെ
വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

അന്‍സാരിയുടെ മുന്‍ഗാമികള്‍ രാമന്റെ അനുയായികളായിരുന്നുവെന്നും അല്ലാതെ ബാബറിന്റെ ആളുകളായിരുന്നില്ലെന്നും പറഞ്ഞ മന്ത്രി അന്‍സാരിയോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, ഇതിനു വഴങ്ങാതിരുന്ന അന്‍സാരി, നിങ്ങളെപ്പോലുള്ളവര്‍ രാമന്റെ പേര് ഭയപ്പെടുത്താനാണ് ഉപയോഗിക്കുന്നതെന്നും രാമനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും മറുപടി നല്‍കി. രാജ്യത്തിന് ഇപ്പോള്‍ ആവശ്യം വെള്ളവും വൈദ്യുതിയും തൊഴിലുമാണെന്നും
അദ്ദേഹം തുറന്നടിച്ചു.