രമാ ദേവിക്കെതിരായ മോശം പരാമര്‍ശം: അസംഖാനെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയവുമായി ബി ജെ പി

Posted on: July 26, 2019 3:21 pm | Last updated: July 26, 2019 at 7:13 pm

ന്യൂഡല്‍ഹി: എസ് പി നേതവ് അസംഖാനെതിരെ നടപടി ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രമേയവുമായി ബി ജെ പി. സ്പീക്കര്‍ ചെയറിലുണ്ടായ ബി ജെ പി അംഗം രമാ ദേവിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് നടപടി പ്രമേയം. ബി ജെ പി നേതാവ് സാങ്മിത്ര മൗര്യയാണ് സ്പീക്കര്‍ക്ക് പ്രമേയ നോട്ടീസ് നല്‍കിയത്.

എന്നാല്‍ ആദ്യ മോദി സര്‍ക്കാറില്‍ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന എം ജെ അക്ബറിന്റെ കാര്യം ഉയര്‍ത്തി അസദുദ്ദീന്‍ ഉവൈസി സര്‍ക്കാറിനെ വിമര്‍ശിച്ചു. അക്ബറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനായി രൂപവത്കരിച്ച കമ്മിറ്റിക്ക് എന്തു സംഭവിച്ചുവെന്ന് തനിക്ക് അറിയണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.

സഭക്ക് അകത്തും പുറത്തും സ്ത്രീകളോട് അനാദരവ് കാണിക്കുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. കഴിഞ്ഞ കാലത്ത് ലോക്സഭയില്‍ സോണിയാ ഗാന്ധിവരെ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

താങ്കളുടെ കണ്ണില്‍ നോക്കിക്കൊണ്ട് സംസാരിക്കാന്‍ മനസ് കൊതിക്കുന്നുവെന്നായിരുന്നു അസം ഖാന്‍ ഇന്നലെ സ്പീക്കര്‍ ചെയറിലുണ്ടായിരുന്ന രമേദിവിയോട് പറഞ്ഞത്. ഉടന്‍ തന്നെ അസംഖാന്റ പരാമര്‍ശത്തിനെതിരെ സ്പീക്കര്‍ രംഗത്തുവന്നു. ഈ രാതിയിലല്ല സംസാരിക്കേണ്ടതെന്ന് രമാദേവി പറഞ്ഞു. സംഭവം വിവാദമായാതോടെ മോശം ഉദ്ദേശത്തോടെയല്ല താന്‍ സംസാരിച്ചതെന്നും താങ്കളെ സഹോദരിയെപോലെയാണ് കാണുന്നതെന്നും അസംഖാന്‍ വിശദീകരണം നല്‍കി. സ്പീക്കറോട് അസംഖാന്‍ എന്തെങ്കിലും തരത്തിലുളള അനാദരവ് കാട്ടിയെന്ന് ഞാന്‍ കരുതുന്നില്ലെന്ന് എസ് പി അധ്യക്ഷനും എം പിയുമായ അഖിലേഷ് യാദവും പ്രതികരിച്ചു.

എന്നാല്‍ ഇത്‌കൊണ്ടൊന്നും തൃപ്തരാകാത്ത ബി ജെ പി അംഗങ്ങള്‍ അസംഖാനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് വീണ്ടും രംഗത്തെത്തുകയായിരുന്നു. മന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയുമെല്ലാം നടപടി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ബി ജെ പി പ്രമേയ നോട്ടീസ് നല്‍കിയത്.