Connect with us

National

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി; 303 പേര്‍ അനുകൂലിച്ചു, 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമനല്‍കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. 303 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്തു. രാഷ്ട്രീയ ലക്ഷ്യംവെച്ച് കേന്ദ്രം കൊണ്ടുവന്ന ബില്‍ ഇനി രാജ്യസഭയില്‍ പാസാക്കിയെടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികളും സര്‍ക്കാറിനെ പിന്തുണക്കുന്ന ജെ ഡി യുവും ബില്ലിനെ എതിര്‍ത്ത് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷംവരെ ജയില്‍ ശിക്ഷയും പിഴയും അനുഭവിക്കുന്നതാണ് ബില്‍. ലിംഗനീതി്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണ് മുത്തലാഖ് ബില്ലെന്ന് ഇത് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വലിയ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. രാവിലെ ബില്‍ അവതരിപ്പിച്ച് മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡടക്കം ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയത് എന്‍ ഡി എക്ക് നാണക്കേടായി. സമുദായത്തിന്റെ വിശ്വാസമില്ലാതെ ഇത്തരത്തിലൊരു നിയമം പാസ്സാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ജെ ഡി യുവിന്റെ ഇറങ്ങിപ്പോക്ക്.

പാകിസ്ഥാനും മലേഷ്യയുമടക്കം ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചതാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മതേതര ഇന്ത്യയില്‍ എന്തുകൊണ്ട് ഈ മതനിയമം നിരോധിച്ചുകൂടായെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ബി ജെ പി എം പിമാര്‍ക്ക് വിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ബില്ലിലെ പല വ്യവസ്ഥകളും വിവേചനപരമാണെന്നും, ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്തുകൊണ്ടാണ് മുത്തലാഖ് ബില്ല് മാത്രം ഇത്ര പെട്ടെന്ന് പാസ്സാക്കിയെടുക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.

മുസ്ലീം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പോലീസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്തുകൊണ്ട് മുസ്ലിം പുരുഷന്‍മാര്‍ക്കെതിരെ മാത്രം ക്രിമിനല്‍ നടപടി ശിപാര്‍ശ ചെയ്യുന്ന ബില്ല് എന്‍ ഡി എ പാസ്സാക്കാന്‍ ധൃതി പിടിച്ച് ശ്രമിക്കുന്നുവെന്നും പ്രതിപക്ഷം ചോദിച്ചു.
“”ഇന്ന് ബില്ലവതരിപ്പിക്കുന്നു എന്ന കാര്യം ഇന്നലെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. എന്തുകൊണ്ടാണത്? എന്തിനാണ് സര്‍ക്കാര്‍ ഈ ബില്ലവതരണം ഒളിച്ചു കടത്തിയതെന്നും കോണ്‍ഗ്രസ് ചോദിച്ചു.

Latest