Connect with us

Kerala

യു ഡി എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം; നഗരത്തില്‍ ഗതാഗതക്കുരുക്ക്‌

Published

|

Last Updated

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് പ്രശ്‌നം, പി എസ് സി പരീക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെതിരെ യു ഡി എഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. ഉപരോധം നഗരത്തില്‍ ഗതാഗതക്കുരുക്കിനിടയാക്കി. സ്‌കൂള്‍ വിദ്യാര്‍ഥികളും ഓഫീസ് ജീവനക്കാരുമെല്ലാം വഴിയില്‍ കുടുങ്ങി. മുഖ്യമന്ത്രിമാരെയും മറ്റു മന്ത്രിമാരെയും സമരക്കാര്‍ തടയാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് നടത്തുന്ന കര്‍ശന നിയന്ത്രണവും വാഹന പരിശോധനയും ഗതാഗത സ്തംഭനത്തിന് ഇടയാക്കിയിട്ടുണ്ട്.

രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് ഉപരോധം. 10.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപരോധം ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റുകളും സമരക്കാര്‍ ഉപരോധിച്ചതിനാല്‍ കന്റോണ്‍മെന്റ് ഗേറ്റിലൂടെ മാത്രമാണ് ജീവനക്കാര്‍ സെക്രട്ടേറിയറ്റിനകത്ത് പ്രവേശിച്ചത്.

യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റതിലും ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് യൂനിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസ് കണ്ടെത്തിയതിലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് സമരക്കാരുടെ ഒരാവശ്യം. യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും കേരള പോലീസിലേക്കുള്ള പി എസ് സി പരീക്ഷയില്‍ റാങ്കുകള്‍ നേടിയതില്‍ തട്ടിപ്പു നടന്നതായും ഇതു സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവും സമരക്കാര്‍ മുന്നോട്ടു വെക്കുന്നു.